തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരു നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്. എന്നാലത് പിണറായി സർക്കാർ മനഃപൂർവ്വം തമസ്കരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി പ്രവർത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നു പിണറായി സർക്കാർ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നു.
വിഴിഞ്ഞത്ത് ചരക്കുകപ്പലിനു സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.