തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നുണ്ടെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രവർത്തനങ്ങള്‍ നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം സാക്ഷാത്കരിക്കപ്പെട്ടു കഴിയുമ്പോൾ ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കം ഉടൻ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.