വിഴിഞ്ഞം: മാലിയിലേക്കുള്ള ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തെ കൈവിട്ടിട്ട് രണ്ട് വർഷം കഴിയുന്നു. തമിഴ്നാട് തൂത്തുക്കുടിയിലേക്ക് കളംമാറിയ ഏജൻസികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം അധികൃതർ തുടങ്ങിയെങ്കിലും കപ്പലടുക്കേണ്ട വാർഫിലെ സുരക്ഷയില്ലായ്മ തിരിച്ചടിയാകുന്നു.
പതിറ്റാണ്ടുകളായി വിദേശത്തേക്ക് തുടർച്ചയായി നടന്നിരുന്ന സാധന കയറ്റുമതി പലവിധ ആരോപണങ്ങളുടെ പേരിൽ രണ്ട് വർഷം മുൻപ് ഏജൻസി അധികൃതർ നിർത്തലാക്കിയിരുന്നു.
അതോടെ മാസത്തിൽ പല പ്രാവശ്യം വിഴിഞ്ഞത്തെ പഴയ വാർഫിൽ അടുത്തിരുന്ന ന്യൂമത്ത്, മിന്നത്ത്, വി.വി. പ്രോഗ്രസ് എന്നീ കപ്പലുകൾ തൂത്തുക്കുടി തുറമുഖത്തേക്ക് പോയി.
തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി, പലചരക്ക്, പഴവർഗങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലോറികളിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ശേഷം കപ്പലിൽ മാലിയിലേക്ക് കൊണ്ടു പോവുകയായിരുന്നു പതിവ്. ഇവയിൽ നിന്ന് മാത്രം വർഷം ഇരുപത് ലക്ഷത്തോളം രൂപ സർക്കാരിന് വരുമാനമായും ലഭിച്ചിരുന്നു.
എന്നാൽ വിദേശത്തേക്ക് ചരക്ക് ഗതാഗതം നടത്തുന്ന തുറമുഖത്തിന്റെ സുരക്ഷയും കയറ്റിപ്പോകുന്ന സാധനങ്ങൾ പരിശോധിക്കാനുള്ള സ്കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ഇല്ലായ്മയും ചോദ്യം ചെയ്യപ്പെട്ടു.
അനധികൃതമായി ആൾക്കാരെയും കടത്തുന്നതായ ആരോപണം ചില കോണുകളിൽ നിന്ന് ഉയർന്നതോടെ നടന്ന അന്വേഷണവും കപ്പൽ ഏജൻസികൾ പിന്തിരിയാൻ വഴിതെളിച്ചു.
കൂടാതെ വല്ലപ്പോഴും വന്നു പോയിരുന്ന ആഡംബര കപ്പലുകളും അടുക്കാതെ വന്നതോടെ ഏറെ സുരക്ഷ ആവശ്യമായ വാർഫിനെ ആരും തിരിഞ്ഞ് നോക്കാതെയായി. സാമൂഹ്യ വിരുദ്ധരും മദ്യപാനികളും വാർഫും പരിസരവും കൈയേറി.
ചുറ്റുമതിലുകൾ കെട്ടിയ ശേഷം സുരക്ഷക്കായിഗേറ്റിടാൻ ശ്രമിച്ച അധികൃതരെ ചിലർ സംഘടിച്ച് തടഞ്ഞതോടെ ദൗത്യം പരാജയമായി. നിലവിൽ മതിലിന്റെ ഭാഗങ്ങളും കമ്പിവേലിയും തകർന്നു.
തുറമുഖത്തിനുള്ള രണ്ട് വാർഫുകളിൽ കയറ്റിറക്കിന് കസ്റ്റംസിന്റെ അംഗീകാരമുള്ളത് സുരക്ഷയില്ലാത്ത പഴയ വാർഫിനാണ്.വിദേശത്തേക്കുള്ള കപ്പലടുപ്പിച്ച് കയറ്റുമതിയും ഇറക്കുമതിയും തുടരണമെങ്കിൽ വാർഫിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.