വിഴിഞ്ഞം: ആയിരം ദിവസത്തിനുള്ളിൽ ഒന്നാം ഘട്ട പണി പൂർത്തിയാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പൽ അടുപ്പിക്കുമെന്ന് നിറഞ്ഞ സദസിൽ പ്രഖ്യാപിച്ച ആദാനിക്ക് മൂവായിരം ദിവസം കഴിഞ്ഞാലും അത് നടപ്പിലാക്കാൻ കഴിയില്ലെന്നുറപ്പായി.
തുടക്കം കുറിച്ച് വർഷം ആറിന് അടുത്ത് എത്തുമ്പോഴും എങ്ങുമെത്താത്ത നിർമാണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് വർഷം വേണമെന്നാണ് അധികൃതരുടെ വാദം.
കരാറിൽ പറഞ്ഞ കാലാവധിക്കു ശേഷം സർക്കാരിന്റെ പല സമയത്തുള്ള മുന്നറിയിപ്പുകളും ഇടപെടലുകളും കഴിഞ്ഞെങ്കിലും ഒച്ചിഴയുന്ന രീതിയിലുള്ള നിർമാണത്തിന് മാറ്റം വന്നില്ല.
2015 ഡിസംബറിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നവകാശപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും ബർത്തിനായുള്ള പൈലുകളുടെ നിർമാണവും ഓഫീസ് കെട്ടിടങ്ങളും മാത്രമാണ് പൂർത്തിയായത്.
തിരയടികളിൽ നിന്ന് തുറമുഖത്തെ സംരക്ഷിക്കുന്നതിന് പുലിമുട്ടിനായുള്ള പാറക്കല്ല് തേടി അധികൃതർ വർഷങ്ങൾ പാഴാക്കി.
ഒടുവിൽ കരമാർഗം ലോറികളിൽ കല്ലുകൾ എത്തിച്ച് പുലിമുട്ട് നിർമാണം ത്വരിതപ്പെടുത്തിയെങ്കിലും മറ്റ് കാര്യങ്ങൾ പഴയ പടിയിൽ തന്നെ.
സർക്കാർ ഏജൻസികളുടെ പിടിപ്പുകേടു കാരണം ജനകീയ പ്രതിഷേധങ്ങളും പരാതികളും കൊണ്ട് തുടക്കം മുതൽ കല്ലുകടിയായ തുറമുഖത്തിന് ഓഖി ദുരന്തവും കടൽക്ഷോഭങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.
എന്നാൽ കാലാവസ്ഥ അനുകൂലമായപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആരും മെനക്കെട്ടുമില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്നൂറിൽപ്പരം ഏക്കർ വസ്തു ഏറ്റെടുത്ത് നിർമാതാക്കൾക്ക് കൈമാറിയെങ്കിലും തുറമുഖ കവാടത്തിന് സമീപത്തെ പന്ത്രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലെ തർക്കം തുടർന്നു.
എണ്ണൂറ് മീറ്റർ നീളവും നാനൂറ് മീറ്റർ വീതിയുമുള്ള തുറമുഖത്തെ കൂട്ടിയോജിപ്പിക്കുന്നതിന് ആവശ്യമായ അവശേഷിച്ച തുച്ഛമായ ഭൂമിയുടെ കാര്യത്തിലും ഒന്നാം പിണറായി സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
അടുത്ത കാലത്തായി ഏറ്റെടുക്കൽ നടപടി ആരംഭിച്ചതായും അറിയുന്നു. എന്നാൽ തുറമുഖ നിർമാണം കടൽ മേഖലയിൽ പേരിന് നടക്കുന്നുണ്ടെങ്കിലും പുറത്ത് ജോലികളിൽ യാതൊരു പുരോഗതിയും ഇല്ല.
കപ്പലടുക്കുന്ന മുറയ്ക്ക് ചരക്ക് ഗതാഗതം സുഗമമാക്കാൻ പ്രദേശത്തെ വിവിധ റോഡുകൾ ഉൾപ്പെടെ പ്രദേശത്തെ പശ്ചാത്തല സംവിധാനങ്ങൾ വികസിക്കേണ്ടതുണ്ട്.
എന്നാൽ അതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങാൻ പോലും അധികർക്കായിട്ടില്ല. നിലവിൽ തുറമുഖ നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്നത് കോവളം – പാറശാല തീരദേശ റോഡുവഴിയാണ്.
ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൈയടക്കിയ റോഡിലെ ശക്തമായ ഗതാഗത സ്തംഭനവും അപകടങ്ങളും ജനങ്ങൾക്കും പേടി സ്വപ്നമായി.
റെയിൽവേയുടെ കാര്യവും വർഷങ്ങൾക്ക് മുൻപ് നടത്തിയ അളവെടുപ്പിൽ ഒതുങ്ങി. കൂടാതെ തുറമുഖ കവാടത്തുനിന്ന് ആരംഭിക്കുന്ന ഒന്നര കിലോമീറ്റർ വരുന്ന പ്രധാന റോഡു നിർമാണം പോലും ഇതുവരെയും അവസാനം കണ്ടിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നായിരിക്കും വിഴിഞ്ഞം എന്നവകാശപ്പെടുമ്പോൾ അത് യാഥാർഥ്യമായിക്കാണാൻ ഇനി എത്ര കാലം വേണ്ടിവരുമെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല.