വിഴിഞ്ഞം.: വിഴിഞ്ഞം തുറമുഖത്ത് ഇന്നലെ മാത്രം നങ്കൂരമിട്ടത് ആറ് കപ്പലുകൾ. ദൗത്യം പൂർത്തിയാക്കി മടങ്ങാനായത് അഞ്ചെണ്ണത്തിന് മാത്രം.
ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി എത്തുന്ന കപ്പലുകളുടെ എണ്ണം കൂടിയെങ്കിലും ക്രൂ ചേഞ്ചിംഗ് ജോലിക്കായി നിലവിൽ ഉള്ളത് മാരിടൈം ബോർഡിന്റെ ഒരു ടഗ്ഗ് മാത്രം.
ധ്വനി എന്ന ടഗ്ഗിന്റെ സഹായത്തോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ജോലികൾ വൈകുന്നേരം വരെ നീണ്ടെങ്കിലും സമയം കഴിഞ്ഞതിനാൽ ഒരു കപ്പലിന്റെ ജീവനക്കാരെ മാറ്റുന്നത് ഇന്നത്തേക്ക് മാറ്റി.
ഇത് വൻ നഷ്ടത്തിന് കാരണമായതായി കപ്പൽ ഏജൻസികൾ പറയുന്നു. ക്രൂ ചേഞ്ചിംഗിന് ശക്തി പകർന്ന് കൂടുതൽ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ ലക്ഷ്യം വച്ച അധികൃതർ മൂന്ന് ടഗ്ഗുകളുടെ സേവനം ഉറപ്പുവരുത്തിയിരുന്നു.
എന്നാൽ കപ്പലുകളുടെ വരവ് കൂടുന്നതിനിടയിൽ ചാലിയാർ എന്ന ടഗ്ഗ് കൊല്ലത്തേക്ക് മാറ്റി. കൊച്ചിയിലേക്ക് അറ്റകുറ്റപ്പണിക്കായി ആറ് മാസം മുൻപ് പോയ മലബാർ ഇതുവരെയും തിരിച്ചെത്തിയില്ല. നിലവിൽ ആകെയുള്ളത് ധ്വനി മാത്രം.
വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകപ്പലുകളുടെ ഇഷ്ട കേന്ദ്രമായി. ദിവസവും മൂന്നും നാലും കപ്പലുകൾ വരെ ക്രൂ ചേഞ്ചിംഗിനായി വന്നു പോകുന്ന തിരക്കുള്ള തുറമുഖമായി മാറി വിഴിഞ്ഞം.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത ഇന്ത്യയിലെ ഏക ചെറുകിട തുറമുഖമായ വിഴിഞ്ഞം,കൊച്ചിയെപ്പോലും പിന്തള്ളി മുന്നേറി.
വരുന്ന കപ്പലുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷ്യം കണ്ട് മടങ്ങിയിരുന്നതിനാൽ ഏറ്റവും വേഗത്തിൽ ക്രൂ ചേഞ്ചിംഗ് നടത്തുന്ന തുറമുഖമെന്ന പേരും കൈവന്നിരുന്നു.
പണലാഭവും സമയലാഭവും ഉണ്ടെന്ന് കണ്ടതോടെ എട്ടോളം ഏജൻസികൾ വിഴിഞ്ഞത്ത് കപ്പലുകൾ എത്തിച്ചു. എന്നാൽ ഏക ടഗ്ഗുകൊണ്ടുള്ള ക്രൂ ചേഞ്ചിംഗ് ജീവനക്കാരുടെ കയറ്റിറക്കിന് കാലതാമസം വരുത്തി.
ചില കപ്പലുകൾക്ക് വൈകുന്നേരം വരെ കാത്തു കിടക്കേണ്ട അവസ്ഥ വരെയുണ്ടായി. ഇന്നലെ വന്ന എംടി ,സമ്മിറ്റ് സ്പിരിറ്റ്, അറ്റ്ലാന്റിക് ലില്ലി, മെഡക് സാൾട്ടോറോ, ചെം റോഡ് ഓർക്കിഡ്, എം.റ്റി.നോർഡ്ജുവൽ എന്നിവ വൈകുന്നേരത്തിനുള്ളിൽ തീരം വിട്ടെങ്കിലും മറ്റൊരെണ്ണം കാത്തു കിടപ്പുണ്ട്.
അഞ്ചെണ്ണത്തിലുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 67 ജീവനക്കാർ ഇറങ്ങിയപ്പോൾ 66 പേർ വിഴിഞ്ഞത്തുനിന്ന് കപ്പലിൽ പ്രവേശിച്ചു. ഇന്നും കൂടുതൽ കപ്പലുകൾ ക്രൂ ചേഞ്ചിംഗിനായി പുറംകടലിൽ നങ്കൂരമിടുന്നുണ്ട് .