നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വി.ജെ. കുര്യന് ഇന്നു വിടവാങ്ങും. കൊച്ചി വിമാനത്താവളത്തിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളിലായി 19 വര്‍ഷം മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കാര്‍ഡോടെയാണു പടിയിറക്കം.
അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു 2016 ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ കാലാവധി ഇന്ന് അവസാനിക്കും. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന് സിയാല്‍ മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല താല്കാലികമായി നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ത്തിയതിന്റെ ക്രെഡിറ്റ് വി.ജെ. കുര്യന് അവകാശപ്പെട്ടതാണ്. പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന.
കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അംഗീകരിച്ചത് നിര്‍ണായകമായി. 1994 ലാണ് വിമാനത്താവള നിര്‍മാണത്തിനായി സിയാല്‍ എന്ന കമ്പനി രൂപവത്കരിച്ചത്. 1999ല്‍ രാജ്യത്തെ ആദ്യത്തെ പിപിപി (പബ്ളിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ്) വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി.
2015ല്‍ സിയാല്‍ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറി. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം സിയാലിനെ തേടിയെത്തി. 2019-20 ല്‍ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു.
വിമാനത്താവളത്തിന്റെ ആസ്തി 382 കോടി രൂപയില്‍നിന്നു 2,455 കോടി രൂപയായി വര്‍ധിച്ചു. പ്രതിവര്‍ഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്. കൊച്ചിന് ഡ്യൂട്ടിഫ്രീ, സിയാല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ്, സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകമ്പനികളാണ്.
1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കുര്യന്. മൂവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ. കുര്യന്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കളക്ടറായും സേവനമനുഷ്ഠിച്ചു. ഔഷധി എംഡി ആയിരിക്കെ പ്ലാന്റുകളില്‍ ആധുനികവത്കരണം നടപ്പിലാക്കി.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് (ആര്‍ബിഡിസികെ) മാനേജിംഗ് ഡയറക്ടറായിരിക്കെ 65 റെയില്‍ ഓവര്‍ബ്രിഡ്ജുകളുടെയും 23 മേല്‍പ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു.കൊച്ചിയിലെ സീ-പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മിച്ചു.
സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്പൈസസ് പാര്‍ക്ക് എന്നിവ ആരംഭിച്ചു. ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രഫഷണല്‍ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥന് എന്ന നിലയിലാണ് കുര്യന് വിലയിരുത്തപ്പെടുന്നത്. തൃശൂര്‍ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യന്, ഡോ. എലിസബത്ത് കുര്യന് എന്നിവര്‍ മക്കളാണ്.