ഒരു മുറിയിൽ എത്രസമയം ആരെയും കാണാതെ ഒരാൾക്ക് കഴിയാനാവും. ദിവസങ്ങളോളമോ, മാസങ്ങളോളമോ കഴിയാൻ സാധിക്കുമെന്നാവും ഉത്തരം.
എന്നാൽ ശവപ്പെട്ടിയിൽ എത്രനേരം കഴിയാൻ പറ്റും? യുട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ വൈറലാകാൻ ശ്രമിച്ചത് ഇത്തരത്തിലാണ്.
മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്.
സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശവപ്പെട്ടി കുഴിച്ചുമൂടുന്നതും വീഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്.
രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂറിലെ 12 മിനിറ്റ് മാത്രമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്.
ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദേഹം ആശയവിനിമയം നടത്തിയിരുന്നു.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്. കുറഞ്ഞ സമയത്തിനുളളിൽ തന്നെ യുട്യൂബിൽ മാത്രം അഞ്ച് കോടിലധികം പേർ കണ്ടുകഴിഞ്ഞു.
ഇയാളുടെ ഓരോ വീഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി കാണികളെങ്കിലുമുണ്ട്.
അവയിൽ ചിലതിന്റെ കാഴ്ചക്കാരുടെ എണ്ണം പത്ത് കോടി വരെ എത്തിയിട്ടുണ്ട്. യുട്യൂബിൽ 5.7 കോടി സബ്സ്ക്രൈബേഴ്സാണ് ബീസ്റ്റിനുള്ളത്.
വിചിത്രമായ വീഡിയോകളാണ് ഇയാൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാറുള്ളത്.
ഒരു കാർ ഡീലറിന്റെ അടുത്തുനിന്ന് അവിടെയുള്ള മുഴുവൻ കാറുകൾ വാങ്ങിയും മിസ്റ്റർ ബീസ്റ്റ് ബർഗർ എന്ന പേരിൽ റസ്റ്ററന്റ് തുടങ്ങി അവിടെ വരുന്നവർക്ക് പണവും ഐഫോണും നൽകിയും ഇയാൾ വൈറലായിട്ടുണ്ട്.