ആറ്റിങ്ങൽ: യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുക എന്നതാണ് അടൂർ പ്രകാശിന്റെ സ്ഥിരം രീതിയാണ്. ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെയാണ് ചെയ്തതെന്ന് വി.ജോയ് ആരോപിച്ചു.തോൽവിയെ ഭയക്കുന്നതു മൂലമാണ് കള്ളവോട്ടുൾപ്പെടെയുള്ള ആരോപണങ്ങൾ അടൂർ പ്രകാശ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ ആരോപണമാണിതെന്നും ജോയ് കുറ്റപ്പെടുത്തി.
വി. മുരളീധരനെതിരേയും ജോയ് ആരോപണം ഉന്നയിച്ചു. കേരളത്തിന്റെ വികസനത്തിനായി മുരളീധരൻ ഒന്നും തന്നെ ചെയ്തിട്ടില്ല. വോട്ട് നേടുന്നതിനു വേണ്ടിയാണ് മുരളീധരൻ തീരദേശ മേഖലക്ക് വാഗ്ദാനം നൽകുന്നത്. ഇത് സഭാ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയിൽ ഉള്ളവർക്ക് സർക്കാരിനോട് ഉണ്ടായിരുന്ന വിരുദ്ധ മനോഭാവം മാറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ 11 ഇന നിർദേശം ഉടൻ നടപ്പാക്കുമെന്നും ജോയ് അറിയിച്ചു. യുഡിഎഫും ബിജെപിയും വികസനത്തിന്റെ കാര്യത്തിൽ ബിഗ് സീറോ ആണെന്നും അദ്ദേഹം പരിഹസിച്ചു.