വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച സ്വതന്ത്ര അംഗമായ സി.ജി. ബിജുവിനുനേരെ ഒരു പഞ്ചായത്തംഗമുൾപ്പെടെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ രണ്ട് പേർ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരനായ പഞ്ചായത്തംഗം പോലീസിനെ അറിയിച്ചു.
പരാതിയിൽ കഴിഞ്ഞദിവസം ഇരുവിഭാഗത്തെയും ഞാറക്കൽ എസ്ഐ ആർ. രഗീഷ്കുമാർ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. വധഭീഷണിയൊന്നും മുഴക്കിയില്ലെന്നും തെറ്റിദ്ധരിച്ചതാണെന്നും സംഭവത്തിൽ ആരോപണവിധേയരായവർ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് ഒത്തുതീർപ്പിലെത്താൻ പോലീസ് പരാതിക്കാരനോട് ആവശ്യപ്പെട്ടു.
എന്നാൽ ഇത് സംബന്ധിച്ച് തന്റെ പക്കൽ വ്യക്തമായ റോക്കോഡിംഗ് ഉണ്ടെന്നു പരാതിക്കാരൻ പറഞ്ഞപ്പോൾ ആരോപണവിധേയർ മൗനം പാലിച്ചുവത്രേ. ഇതിനുശേഷം തീരുമാനം അറിയിക്കാതെ പരാതിക്കാരനായ പഞ്ചായത്തംഗം തൽക്കാലം സ്റ്റേഷൻ വിട്ടിറങ്ങിയെങ്കിലും പരാതിയിൽ തുടർനടപടിയെന്നോണം കേസെടുക്കണമെന്നു പിന്നീട് എസ്ഐയെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയാണ് ചെയ്തത്.