എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർഥിയായേക്കും. ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരം കോർപറേഷൻ മേയർ വികെ പ്രശാന്തിനെ ഒന്നാമതായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിനെ രണ്ടാമതായും ഉൾപ്പെടുത്തികൊണ്ടുള്ള സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.
മേയറായി പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വികെ മധുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന വിലയിരുത്തലാണ് ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഇരുവരുടേയും നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്നത്.
പ്രശാന്തിനാണ് വട്ടിയൂർക്കാവിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ് പട്ടികയിൽ പ്രഥമ പരിഗണന. മേയർ എന്ന നിലയിൽ പ്രതിപക്ഷത്തുള്ളവരുടെ അടക്കം നല്ല ബന്ധമാണ് പ്രശാന്തിനുള്ളത്. ഇതെല്ലാം ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചു. ജില്ലാ കമ്മറ്റിയുടെ ശിപാർശ പട്ടിക സംസ്ഥാന കമ്മറ്റിയ്ക്ക് കൈമാറും. സംസ്ഥാന കമ്മറ്റിയാണ് സ്ഥാനാർഥി പട്ടിക അംഗീകരിക്കേണ്ടത്. ഇതിനു മുന്പ് എൽഡിഎഫിലും ചർച്ചയുണ്ടാകും.
അഞ്ചുമണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ ഒരുമിച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. നാളെ സിപിഎം സംസ്ഥാന സമിതിയും എൽഡിഎഫും ചേരുന്നുണ്ട്. ഇന്നു പാലയിൽ വിധിയെഴുത്ത് നടക്കുകയാണ്. പാലയ്ക്കു പുറമേ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി, അരൂർ,മഞ്ചേശ്വരം,എറണാകുളം വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കും. ഈ മണ്ഡലങ്ങളിലെല്ലാം സിപിഎമ്മാണ് നിലവിൽ മത്സരിക്കുന്നത്. അതിനാൽ എൽഡിഎഫിൽ കാര്യമായ ചർച്ച ഉണ്ടാകില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർഥി പട്ടിക ഉടൻ കൈമാറാൻ ജില്ലാ കമ്മറ്റികളോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള കാര്യമായ ചർച്ചകളും നടന്നുവരികയാണ്. അടുത്തമാസം 21നാണ് വോട്ടെടുപ്പ് 24നാണ് വോട്ടെണ്ണൽ.
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീകരിക്കും: വി.കെ പ്രശാന്ത്
തിരുവനന്തപുരം പാർട്ടി ഏൽപ്പിക്കുന്ന ഏതു ഉത്തരവാദിത്വവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയറും വട്ടിയൂർക്കാവിലെ മണ്ഡലത്തിലെ എൽഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന വികെ പ്രശാന്ത്. ഇന്നു ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലെ സ്ഥാനാർഥി പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തി അംഗീകരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമാണ് പ്രശാന്ത് രാഷ്ട്രദീപികയോട് നടത്തിയത്.
അഞ്ചുവർഷം മേയറായി പൂർത്തിയാക്കണമെന്ന ആഗ്രഹം ഉണ്ട്. ഇനിയും നഗരപിതാവെന്ന നിലയിൽ കുറച്ചു കാര്യങ്ങൾ കൂടി ചെയ്യണമെന്നുമെന്നുണ്ട്. പലപദ്ധതികളും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. പലതും അവസാന ഘട്ടത്തിലാണ്. പാർട്ടി എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കും. അതിനൊടൊപ്പം നിൽക്കുമെന്ന് പ്രശാന്ത് പറഞ്ഞു.