പൂവുകളും ബലൂണുകളുമായി കുട്ടികൾ, മുത്തുക്കുടകളും ചെണ്ടമേളവുമായി യുവാക്കളായ പാർട്ടി പ്രവർത്തകർ…തെരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുന്പോൾ
അരങ്ങ് കൊഴുപ്പിച്ച് പ്രവർത്തകർക്കൊപ്പം ചടുലവേഗത്തിൽ മണ്ഡലത്തിലൂടെ സഞ്ചരിച്ച് തരംഗമാവുകയാണ് വട്ടിയൂർക്കാവിലെ ഇടതു സ്ഥാനാർഥി വി.കെ പ്രശാന്ത്.
വാഹനപര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് മണികണ്ഠേശ്വരത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു.
സ്വതസിദ്ധമായ പുഞ്ചിരിയുമായി വോട്ടർമാരെ അഭിവാദ്യം ചെയ്തു നീങ്ങിയ സ്ഥാനാർഥി പ്രധാന സ്ഥലങ്ങളിലെത്തുന്പോൾ വാഹനത്തിൽ നിന്നിറങ്ങി വോട്ടർമാരുടെ കൈപിടിച്ച് കുശലം ചോദിച്ചു കൊണ്ടാണ് വോട്ടഭ്യർഥന നടത്തിയത്. “മേയർ ബ്രോ’ യ്ക്കൊപ്പം സെൽഫിയെടുക്കാനെത്തുന്ന കുട്ടികൾക്കൊപ്പം പുഞ്ചിരിച്ചു പോസ് ചെയ്യാനും സ്ഥാനാർഥി മറന്നില്ല.
രണ്ടാം സ്വീകരണകേന്ദ്രമായ ചീനീകോണത്തെത്തിയപ്പോൾ സ്ഥാനാർഥിക്ക് വൻ വരവേൽപ്പാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. തുടർന്ന് കുക്കംപാറ, പന്തുകളം, പുള്ളിത്തറ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം മുക്കോല, കാച്ചാണി, എകെജി നഗർ, കീഴിക്കോണം, മണലയം, കുറ്റിയാംമൂട്, കല്ലിംഗവിള, നെട്ടയം, സിപിടി, സൂര്യനഗർ, പാപ്പാട്, കുളത്തിൻകര, ചിത്രാനഗർ എന്നിവടങ്ങളിൽ എത്തിയപ്പോൾ പൂത്തിരി കത്തിച്ചാണ് പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റത്.കൊടുവായൂർ, വെണ്മണലിൽ, കല്ലുമല, വിവേകാനന്ദലെയ്ൻ, കോണ്ടിനെന്റൽ ഗാർഡൻ, ചെന്പുക്കോണം ലെയ്ൻ, വാഴോട്ടുകോണം ജങ്ഷൻ, കടിയക്കോണം ലെയ്ൻ, മസ്ജിദ് ലെയ്ൻ, വയലിക്കട, മൂന്നാംമൂട്, മഞ്ചൻപാറ, പഞ്ചമി ലെയ്ൻ, അരുവിക്കോണം, ആലുവിള, പാണാങ്കര എന്നിവടങ്ങളിലും സ്ഥാനാർഥികൾ പര്യടനം നടത്തി. തുടർന്ന് രാത്രി വൈകി കൊടുങ്ങാനൂരിലാണ് പര്യടനം സമാപിച്ചത്.