പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് പൂർത്തിയായതിനു പിന്നാലെ പാലക്കാട് കോണ്ഗ്രസ് കമ്മിറ്റിയിൽ കലഹം പുനരാരംഭിച്ചു. മൂൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥിനെതിരേ ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠനാണ് രംഗത്തെത്തിയത്.
ഏതെങ്കിലുമൊരാൾ വിളിച്ചുകൂവിയാൽ പാർട്ടിയിൽ പ്രശ്നമാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമം. അതിനു പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പാർട്ടിയിൽ പുനഃസംഘടന നിശ്ചയിക്കുന്നതു ഹൈക്കമാൻഡ് ആണ്.
പ്രശ്നമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിയടക്കം മുതിർന്ന നേതാക്കൾ വിളിച്ചിരുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ഡിസിസിയിലുണ്ടായ പൊട്ടിത്തെറി പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഒരുഘട്ടത്തിൽ പാർട്ടി വിട്ട് ഇടതു സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾവരെ ഉണ്ടായിരുന്നു. കെ. സുധാകരൻ നടത്തിയ അനുരഞ്ജന നീക്കമാണ് ഡിസിസിയിലെ പ്രതിസന്ധിക്ക് അയവു വരുത്തിയത്.