പാലക്കാട്: കർഷകദിനത്തിൽ തനികർഷകനായി ജന്മനാട്ടിലെ പരുത്തിപ്ര പാടത്തിറങ്ങി വിത്തിറക്കി വി.കെ.ശ്രീകണ്ഠൻ എംപി. ഷൊർണൂർ പരുത്തിപ്ര പാടശേഖരത്തിലെ പഴയകാല കർഷകനായ മുടിഞ്ഞാറേതിൽ ഗംഗാധരന്റെ ഒരേക്കർ പാടത്ത് നെൽകൃഷിയിൽ പങ്കാളിയായി ചേർന്നാണ് എംപി കർഷകദിനത്തിൽ കർഷകവേഷമണിഞ്ഞത്.
രാവിലെ ഒന്പതിന് എത്തിയ എംപി കൈലിമുണ്ടും ടീ ഷർട്ടും ധരിച്ച് പാടത്തിറങ്ങി ആദ്യം ട്രാക്ടർകൊണ്ട് നിലമുഴുതു. ട്രാക്ടർ ഓടിക്കാൻ കഴിഞ്ഞ ആവേശത്തിൽ കണ്ടം നന്നായി പൂട്ടി ഒന്നരമണിക്കൂറോളം എംപി പാടത്ത് ചെലവഴിച്ചശേഷം പാടത്ത് നെൽവിത്തെറിഞ്ഞു.
ഉമ നെൽവിത്താണ് ഉപയോഗിച്ചത്. 20-22 ദിവസത്തെ മൂപ്പെത്തിയാൽ ഞാറുപറിച്ചു നടണം. 110-120 ദിവസത്തെ വളർച്ചയെത്തിയാൽ മകരകൊയ്ത്തിന് പാടം ഒരുങ്ങും.
നടീൽ പ്രവർത്തനങ്ങൾക്കും കൊയ്ത്തിനും മറ്റുമായി ഇനിയും താനെത്തുമെന്ന് ഉറപ്പുപറഞ്ഞാണ് എംപി ചേറ്റുപാടത്തുനിന്ന് കരയ്ക്കു കയറിയത്. ജലസേചന സൗകര്യത്തിന്റെ അഭാവംമൂലം കർഷകർ കൃഷി കൈയൊഴിയുന്ന പാടശേഖരമാണ് ഭാരതപ്പുഴയുടെ തീരത്തെ പരുത്തിപ്ര പാടശേഖരം.
ചിങ്ങം ഒന്നിന്റെ കർഷക ദിനത്തിൽ എംപിയുടെ കൃഷിയിറക്കൽ പാടശേഖരത്തിലെ കർഷകർക്ക് അംഗീകാരവും ആവേശവുമായി. വയൽഅനുഭവങ്ങൾ ഏറെ സന്തോഷമുണ്ടാക്കിയതായി വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
കാർഷിക ജില്ലയായ പാലക്കാടിന് പ്രത്യേക കാർഷിക പാക്കേജ് വേണമെന്ന ആവശ്യം പാർലിമെന്റിൽ ഉന്നയിച്ച് നേടിയെടുക്കും. ജില്ലയുടെ കാർഷിക പ്രാധാന്യവും പ്രൗഢിയും, തിരിച്ചുപിടിക്കുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.