പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. വാളയാർ കേസ് മറയ്ക്കാൻ സർക്കാൻ നാടകം കളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു ഏറ്റമുട്ടലുണ്ടായിട്ട് അത് നാട്ടുകാർ പോലും അറിഞ്ഞില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. അഗളിയിലെ ഉൾവനത്തിൽ മഞ്ചക്കണ്ടി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് വിവരം.
വനത്തിൽ തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ട്.
പോലീസ് തിരയുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉൾവനത്തിൽ നിന്നും എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നുമാണ് പോലീസിന്റെ വിശദീകരണം.
ഇന്ന് രാവിലെയാണ് വനത്തിൽ ഏറ്റുമുട്ടലുണ്ടായത്. ഉൾവനത്തിൽ മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കിയ തണ്ടർബോൾട്ട് സംഘം മഞ്ചക്കണ്ടി മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്ന് രൂക്ഷമായ ഏറ്റുമുട്ടൽ വനത്തിൽ നടന്നു.
രണ്ടു സ്ഥലങ്ങളിലായാണ് മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്നത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടെന്നാണ് വിവരം.