ചെറുതോണി: ബസിനു സൈഡു കൊടുക്കുന്നതിനിടെ കേബിൾ കുഴിയിൽ ചാടിയ കാർ കൊക്കയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒന്‍പതിനാണു സംഭവം. പടമുഖം സ്വദേശികളായ അമ്മയും മകളുമാണ് കാറിലുണ്ടായിരുന്നത്.
ഇവർ പൈനാവിലേക്കു വരികയായിരുന്നു. പതിനാറാംകണ്ടം സ്കൂളിനുസമീപം മുരിക്കാശേരിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസിനു സൈഡു കൊടുക്കുന്പോഴാണ് കേബിൾകുഴിയിൽ കാർ വീണത്. നാളുകളായിട്ടും മൂടാതെകിടന്ന കുഴിയിലാണ് കാർ വീണത്.
കുഴിയിൽ കാർ വീണതോടെ റോഡിന്റെ വശം ഇടിഞ്ഞ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
കേബിളിടാൻവേണ്ടി എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. ഇത് തിരിച്ചറിയാൻ പറ്റാതിരുന്നതാണ് അപകടത്തിനു കാരണമായത്.
250 അടിയോളം താഴ്ചയിലേക്കാണു കാർ മറിഞ്ഞതെങ്കിലും ഇടയ്ക്കുള്ള റബർമരത്തിൽ തട്ടിനിന്നതിനാൽ യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
എതിരെവന്ന സ്വകാര്യ ബസിലെ യാത്രക്കാർ കാറിന്റെ ചില്ലുതകർത്താണ് അമ്മയെയും മകളെയും പുറത്തിറക്കിയത്. ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.