വൈക്കം: വേന്പനാട്ടു കായൽ നീന്തി കീഴടക്കി കോതമംഗലത്തുനിന്നും ഒരു കൊച്ചു മിടുക്കി.
കോതമംഗലം കറുകിടം കൊടക്കപ്പറന്പിൽ ബേസിൽ കെ. വർഗീസിന്റെയും അഞ്ജലിയുടേയും മകൾ ഏഴു വയസുകാരി ജുവൽ മറിയം ബേസിലാണ് ഗിന്നസ് റിക്കാർഡിനായി മൂന്നു കിലോമീറ്റർ വീതിയുള്ള ആഴമേറിയ വേന്പനാട്ടുകായൽ ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് നീന്തിക്കടന്നത്.
നിറഞ്ഞ കരഘോഷത്തിനിടയിൽ തീരമണഞ്ഞ കുരുന്നിനെ സമപ്രായക്കാരും മുതിർന്നവരും വിസ്മയത്തോടെ നോക്കി നിന്നപ്പോൾ ജുവലിനു കുളികഴിഞ്ഞു കരക്കു കയറിയ പ്രതീതിയായിരുന്നു.
വിജയ കിരീടം ചൂടിയ ജുവലിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടാൻ പ്രമുഖർ വേന്പനാട് കായലോരത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ 8.15നു ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോ ജുവലിന്റെ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു.
10നു വൈക്കം കോവിലകത്തും കടവിൽ എത്തിയ ജുവലിനെ വൈക്കം നഗരസഭ ചെയർപേഴ്സണ് രേണുക രതീഷ് സ്വീകരിച്ച് ഉപഹാരം നൽകി അനുമോദിച്ചു.
കറുകിടം വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ജുവൽ. ജുവലിന്റെ സഹോദരൻ ജോഹൻ ബേസിലിനെ നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ പരിശീലിപ്പിക്കുന്പോൾ പുഴയോരത്ത് കാഴ്ചക്കാരിയായി എത്തുന്ന ജുവലിന്റ നിർബന്ധം സഹിക്കവയ്യാതെയാണ് ബിജു മാതാപിതാക്കളുടെ അനുവാദത്തോടെ കഴിഞ്ഞ ഏപ്രിലിൽ നീന്തൽ പരിശീലിപ്പിക്കാൻ ആരംഭിച്ചത്.