തിരുവില്വാമല: ആക്ഷേപാഹാസ്യത്തിലൂടെ വായനക്കാരെ ചിരിപ്പിച്ച് ചിന്തിപ്പിച്ച സാഹിത്യകാരൻ വി.കെ.എന്നിന്റെ സ്മാരകം വടക്കേ കൂട്ടാല മറ്റത്ത്് അനാഥമായി കിടക്കുന്നു.വി.കെ.എൻ. ചിരി മാഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയായിട്ടും അദ്ദേഹത്തിന്റെ സഹധർമിണി വേദവതിയമ്മ വിട്ടു നൽകിയ സ്ഥലത്ത് നിർമിച്ച സ്മാരകം ആരും ശ്രദ്ധിക്കാതെ തെരുവു നായ്ക്കളുടെയും കാളക്കൂറ്റൻമാരുടെയും താവളമാക്കിയിരിക്കയാണ്.
വടക്കേ കൂട്ടാല തറവാട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ മുൻവശത്ത് സ്മാരകം നിർമിച്ച് ആറു വർഷമായിട്ടും ഭരണസമിതിയോ, നല്ല നിലയിൽ പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കാനോ പഞ്ചായത്തും സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും തയ്യറാവുന്നില്ല.
വി.കെ.എന്നിന്റെ മരുമകൾ രമയ്ക്ക് സ്മാരകത്തിൽ താൽക്കാലിക നിയമനം നൽകിയതിനാൽ മാത്രമാണ് വി.കെ.എന്നിന്റെ പുസ്തകങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന എഴുത്ത് സാമഗ്രികളുമൊക്കെ സൂക്ഷിച്ചുവരുന്നത്. ബന്ധപ്പെട്ടവർ അവഗണിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് സ്മാരകത്തിന് പ്രാഥമികമായുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ലെന്നത്.
വൈദ്യുതി കണക്്ഷനോ കുടിവെള്ളമോ ഇതുവരെ നൽകിയിട്ടില്ല. സ്മാരകം സന്ദർശിക്കാനെത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടം പോലുമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വി.കെ.എന്നിന്റെ ആരാധകരും വിദ്യാർഥികളുമെല്ലാം സ്മാരകം സന്ദർശിക്കാൻ എത്താറുണ്ട്.
വി.കെ.എൻ പുരസ്കാര സമർപ്പണം ഒരു വർഷം മാത്രമാണ് നൽകിയത്. ചരമദിനത്തിൽ പേരിനൊരു ചടങ്ങ് സംഘടിപ്പിക്കുന്നതല്ലാതെ അതിനപ്പുറം സ്മാരകം വളർന്നിട്ടില്ല. 2010 ജനുവരി 26ന് വി.കെ.എന്നിന്റെ 16-ാം ചരമ വാർഷികത്തിനുമുന്പെങ്കിലും നടപടിയുണ്ടാകണമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.