തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന് അട്ടിമറി ജയം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് 14,438 വോട്ടിന്റെ ഭൂരിപക്ഷം നേടി പ്രശാന്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു.
വലിയ പ്രതീക്ഷ വച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2016-ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തു വന്ന മണ്ഡലത്തിൽ ബിജെപിക്ക് വലിയ വോരോട്ടമുണ്ടായിരുന്നു. എന്നാൽ പാർട്ടി ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിന് ഉപതെരഞ്ഞെടുപ്പിൽ നേടാനായത് 27,425 വോട്ടുകൾ മാത്രം.
കെ.മുരളീധരനിലൂടെ രണ്ടു തവണ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച യുഡിഎഫ് കനത്ത തോൽവിയുടെ ഞെട്ടലിലാണ്. എൻഎസ്എസിന്റെ പരസ്യ പിന്തുണ തിരിച്ചടിയായെന്ന തരത്തിലാണ് സ്ഥാനാർഥി മോഹൻകുമാർ പ്രതികരിച്ചത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ന്യൂനപക്ഷ മേഖലയിൽ നിന്നെല്ലാം എൽഡിഎഫിന് വലിയ തോതിൽ വോട്ട് വർധിക്കുകയും ചെയ്തു.
വി.കെ.പ്രശാന്ത് (എൽഡിഎഫ്) – 54,782
കെ. മോഹൻകുമാർ (യുഡിഎഫ്) – 40,344
എസ്. സുരേഷ് (എൻഡിഎ) – 27,425