പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിച്ച പാർട്ടി തീരുമാനം എല്ലാവരും അനുസരിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. പാലക്കാട് കോണ്‍ഗ്രസിൽ പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വിജയസാധ്യതയുള്ള സീറ്റായാതിനാൽ സ്വഭാവികമായും പലർക്കും പാലക്കാട് സീറ്റിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടാകും. ആരു മത്സരിക്കണമെന്ന തീരുമാനം അന്തിമമായി നിശ്ചയിക്കുന്ന പാർട്ടിയാണ്. പുറമെ നിന്ന് സ്ഥാനാർഥികൾ വരുന്നതിൽ തെറ്റില്ല. പല മാനദണ്ഡങ്ങളും നോക്കിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുക.
സരിന് അതൃപ്തിയെന്ന വാർത്ത ചാനലിൽ കണ്ട അറിവേയുള്ളു. ഇതുവരെയും എന്നെ ബന്ധപ്പെട്ടിട്ടില്ല. പത്രസമ്മേളനം വിളിച്ചിട്ടുള്ളത് ഒരുപക്ഷേ രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്ന് പറയാനായിരിക്കുമെന്ന് ശ്രീകണ്ഠൻ പ്രതികരിച്ചു.
സരിന് കടുത്ത അനീതി നേരിടേണ്ടി വന്നെന്ന പരാതി തെറ്റാണെന്നും യുവതലമുറയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും സരിനെ സീറ്റുകൊടുത്ത് മത്സരിപ്പിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.