പഴയങ്ങാടി: വെങ്ങരയിലെ പ്രമുഖ കോൺഗ്രസ് നേതാവും മാടായി സർവീസ് ബാങ്ക് റിട്ട: മാനേജരും മാടായി ക്ഷീരവ്യവസായ സംഘം പ്രസിഡന്റമായി വി.കെ.വി നാരായണന്റെ തിരോധാനത്തിന് 10 വർഷം തികയുന്നു.
ഗൃഹനാഥന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് കണ്ണീരും കൈയ്യുമായി പേരമക്കൾ അടങ്ങിയ കുടുംബം കാത്തിരിക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന് ശേഷമാണ് നാരായണൻ നാടുവിടുന്നത്.
കൂടെ ചുവപ്പ് മഷിയിൽ എഴുതിയ കത്തും. കത്തിലെ വാചകങ്ങൾ ഇങ്ങനെ; “കഴിഞ്ഞ രണ്ട് മാസമായി ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിലാണ്. എന്നേ ഏതോ ബാഹ്യശക്തി മരണത്തിലേക്ക് മാടി വിളിക്കുന്നു.. എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. ഇത് എന്റെ കുടുംബത്തിനും ദുഃഖത്തിന് കാരണമായി.
എനിക്ക് സാമ്പത്തിക ബാധ്യതയില്ല. ക്ഷേത്രത്തിലെ ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല. കളിയാട്ടത്തിന്റെ കണക്കും തുകയും താക്കോലും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ മകര സംക്രമ കുറിയുടെ പണം എനിക്ക് കിട്ടാനുണ്ട്. ..എന്നും കത്തിലുണ്ട്.
വീട്ടിൽ എത്തി മക്കളോടും ഭാര്യയോടും കളിയാട്ടവുമായി ബന്ധപ്പെട്ട് ചിലർ തന്നെ ചതിച്ചു എന്നും ഞാൻ കളിയാട്ടത്തിന്റെ രക്തസാക്ഷിയായി മാറ്റുകയാണെന്നും പറഞ്ഞതായി മക്കളും പറയുന്നു.
തിരോധാനത്തിന്റെ ഉത്തരവാദി കളിയാട്ട കമ്മറ്റിയിലെ ചിലർ ആണ് എന്ന് ഈ കുടുംബം ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു…
തുടർന്ന് പഴയങ്ങാടി പോലീസിലും മറ്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ ചില സ്ഥലങ്ങളിൽ പോയി അന്വേഷിച്ചു എങ്കിലും യാതൊരു തുമ്പും കിട്ടാത്തതിനാൽ ആ അന്വേഷണവും പാതിവഴിയിലായി.