മോസ്കോ: ഫെബ്രുവരിയിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ വീഡിയോ കോളിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.
വിന്റർ ഒളിന്പിക്സിനു വിവിധ രാജ്യങ്ങൾ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത് എത്തിയിരിക്കുന്നത്. കായികമേഖലയെയും ഒളിമ്പിക്സിനെയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് പുടിൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം സിൻജിയാംഗിലെ ഉയിഗർ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയും ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആരോപണം.
വിന്റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തിരിച്ചടി നല്കുമെന്നാണ് ചൈന വ്യക്തമാക്കിയത്.