അഗളി: അട്ടപ്പാടിയിൽ കടയിൽ അതിക്രമിച്ച് കയറിയ തമിഴ് സ്ത്രീകൾ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. കോട്ടത്തറയിൽ തുണിക്കട നടത്തുന്ന മുഹമ്മദ് അലി എന്ന ജിന്ന(39)യ്ക്കാണു മർദനമേറ്റത്. ഇന്നലെ രാവിലെ 9.30ഓടെ സംഭവം. സ്ത്രീകളുടെ നഗ്നവീഡിയോകൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു മർദനം.
തമിഴ്നാട് സ്വദേശികളായ ഉമാ മഹേശ്വരി തൂത്തുക്കുടി, അബി സേലം, അനിത ഒസൂർ, സെൽവി തിരുപ്പുർ, ജയ ട്രിച്ചി, രാസാത്തി ധർമപുരി എന്നിവരുടെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും അശ്ലീല കമന്റുകളും വീഡിയോകളും ജിന്ന ഇടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഗോപിനാഥ് തിരുപ്പുർ, രാജു തിക്കുർശി, കേശവൻ തിരുപ്പുർ, റെജിൻ കന്യാകുമാരി എന്നീ നാലു പുരുഷന്മാരുമൊത്ത് പത്തുപേർ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 9.30ഓടെ കോട്ടത്തറയിൽ എത്തിയത്.
രണ്ടു കാറുകളിലായി എത്തിയ സംഘം ലൊക്കേഷൻ നോക്കിയാണ് ജിന്നയുടെ കട കണ്ടെത്തിയത്. സ്ത്രീകൾമാത്രം കടയിൽ കയറി കാര്യം അന്വേഷിക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. രാസാത്തി എന്ന സ്ത്രീയുടെ വസ്ത്രം ജിന്ന വലിച്ചു കീറുകയുമുണ്ടായി.
കടയ്ക്കുള്ളിൽ കയറി സ്ത്രീകളാണ് ജിന്നയെ മർദിച്ചതെന്നു പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിന്നയെ സ്ത്രീസംഘം ഷാളുകൾ ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച് തടഞ്ഞുവച്ചു. അഗളി പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
നഗ്നചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും സ്ത്രീകളെക്കുറിച്ച് അസഭ്യവർഷങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി സംഘം ആരോപിച്ചു. ജിന്നയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.