മലപ്പുറം: മലപ്പുറം കല്പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്ളാറ്റിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് പരാതി ഉയർന്നത്.
ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി 23 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം.
എന്നാല്‍ പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ 68കാരന് പൊലീസിനെ സമീപിച്ചതിനു പിന്നാലെയാണ് ദമ്പതികൾ അറസ്റ്റിലാകുന്നത്.
മലപ്പുറം പുത്തനത്താണി കൽപ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികൾ ചേർന്ന് ട്രാപ്പിലാക്കിയത്.
സമൂഹ മാധ്യമത്തിലൂടെ ഇയാളുമായി ബന്ധം സ്ഥാപിച്ച ദമ്പതികൾ തന്ത്രപൂർവ്വം ഇയാളെ വലിയിലാക്കുകയായിരുന്നു.
തുടർന്ന് റാഷിദയെ ഉപയോഗപ്പെടുത്തി പണം കൈവശപ്പെടുത്തുകയും ചെയ്തു. 68കാരനും റാഷിദയ്ക്കും സ്വകാര്യ സമയങ്ങൾ ഒരുക്കി നൽകിയത് ഭർത്താവ് നിഷാദായിരുന്നു.
ഇവർക്കുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കി നൽകുകയും ശേഷം ഭർത്താവ് ഒന്നും അറിയാത്ത ഭാവം നടിച്ച് ഇവരിൽ നിന്ന് മാറി നിൽക്കുകയും ചെയ്തുവെന്നുമാണ് പുറത്തു വരുന്ന വിവരം.
വൃദ്ധൻ വീട്ടിലെത്തുന്ന സമയം നോക്കി നിഷാദ് പുറത്ത് പോവുകയും ചെയ്യുമായിരുന്നു.
ട്രാവല്‍ വ്ളോഗ്ഗറെന്ന് പരിചയപ്പെടുത്തിയാരുന്നു റാഷിദ വ്യാപാരിയായ പരാതിക്കാരനുമായി സംസാരിച്ചിരുന്നത്. ബന്ധം ശക്തിപ്പെടുത്താനായി ഇയാളെ വീട്ടിലേക്കും ക്ഷണിച്ചിരുന്നു.
ഭര്‍ത്താവ് ബന്ധം അറിഞ്ഞാലും പ്രശ്നമില്ലെന്നും എല്ലാ കാര്യത്തിലും സമ്മതമാണെന്നും റാഷിദ വ്യാപാരിയെ അറിയിച്ചിരുന്നു.
ഇയാള്‍ക്ക് പൂര്‍ണമായും ദമ്പതികളെ വിശ്വാസമായ ഘട്ടത്തിലായിരുന്നു ആലുവയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കടം വാങ്ങി ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പണം നല്‍കേണ്ടി വന്നതോടെയാണ് വ്യാപാരിയുടെ കുടുംബം സംഭവം അറിയുന്നത്.
ഭർത്താവ് നിഷാദിന് ബിസിനസ് ആവശ്യത്തിന് പൈസ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വൃദ്ധനിൽ നിന്നും ആദ്യം പണം വാങ്ങിയതെന്നാണ് വിവരം. അതിനുശേഷമാണ് ദമ്പതികൾ ഭീഷണി ആരംഭിച്ചത്.
ഇയാൾ റാഷിദയുമായി ഇടപെടുന്ന ഫോട്ടോകൾ കൈവശമുണ്ടെന്നും ഇത് പുറംലോകം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പിന്നീട് വലിയ തുക കൈവശപ്പെടുത്തുകയായിരുന്നു.
ഇതിനിടെ പരാതിക്കാരൻ്റെ കൈവശമുണ്ടായിരുന്ന പണത്തിൽ വീട്ടുകാർ വലിയ കുറവ് കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് വീട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടത്. ഇക്കാര്യം അന്വേഷിച്ച വീട്ടുകാരോട് വൃദ്ധൻ സത്യം തുറന്നുപറയുകയും പിന്നാലെ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കുന്നംകുളത്തിനടുത്ത് അയ്യംപറമ്പിൽ രണ്ടുമാസം മുൻപാണ് ഇവർ വാടക വീടെടുത്ത് താമസം തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഇവിടെ എത്തിയ അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് വ്ളോഗ്ഗര്‍മാരായ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ യാത്രാ വിശേഷങ്ങള്‍ ഉള്‍പ്പടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
നേരത്തെ ഫീനിക്സ് കപ്പിള്‍ എന്നറിയപ്പെടുന്ന ദമ്പതികളും ഹണിട്രാപ്പ് കേസില്‍പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള കൊല്ലം സ്വദേശിനി ദേവുവും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപുമാണ് പിടിയിലായത്.
ഇവര്‍ക്കൊപ്പം ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ്, കോട്ടയം പാല സ്വദേശി ശരത് എന്നിവരും പിടിയിലായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.