കണ്ണൂർ: ബംഗളൂരുവിൽ വ്ലോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തോട്ടട കിഴുന്നയിലെ ആരവ് അവസാനമായി കണ്ണൂരിലെത്തിയത് കഴിഞ്ഞമാസമെന്ന് മുത്തച്ഛന്റെ മൊഴി. ബംഗളൂരുവിൽ നിന്നെത്തിയ പോലീസിന്റെ പ്രത്യേക സംഘത്തോടാണ് മുത്തച്ഛൻ ഇക്കാര്യം പറഞ്ഞത്.
ചെറുപ്പത്തിലെ അച്ഛൻ മരിച്ചതോടെ ആരവിനെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതോടെ ആരവ് മുത്തച്ഛന്റെ കൂടെ കിഴുന്നയിലെ വീട്ടിലായിരുന്നു താമസം. എല്ലാവരിൽനിന്നും ഉൾവലിഞ്ഞ് ജീവിക്കുന്ന ആരവിന് കണ്ണൂരിൽ മറ്റ് കേസുകളൊന്നുമുണ്ടായിരുന്നില്ല.
കൊലപാതകം നേരത്തെ പ്ലാൻ ചെയ്തതാണെങ്കിൽ ആരവ് രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമെന്നാണ് പോലീസ് നിഗമനം. പ്രതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ആരവിനെ കണ്ടെത്താൻ കർണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂരിലെ ആരവിന്റെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് അസംസ്വദേശി മായ ഗാഗോയിയും ആരവും ബംഗളൂരു ഇന്ദിരാനഗറിലെ അപ്പാർട്ട്മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം.യുവതിയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ വരെ ആരവ് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.