റെൻ
ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ, അല്ല ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് നമ്മുടെ ചങ്ങായിനെ പ്രശസ്തനാക്കിയത്.
ഇവിടെ നിന്ന് ഏതോ ഒരു വണ്ടിയും കെട്ടി ചുമന്നാണ് പോയത്. വണ്ടിക്ക് ഒരു പേരും ഇട്ടു. എന്തായാലും തുടക്കം പൊളിയായിരുന്നു കേട്ടോ… ബല്ല്യ വിവരം ഒന്നും കിട്ടുന്നില്ലെങ്കിലും വാചകമടി ഇത്തിരി കൂടുതലായിരുന്നു.
ന്യൂ ജൻ ഭാഷ, അതുകൊണ്ട് കുട്ടിപ്പട്ടാളങ്ങൾ ആരാധകരായി കൂടി…പിന്നെ, ബണ്ടി ഭ്രാന്തും പറയുന്നുണ്ടെല്ലോ..അപ്പോൾ ന്യൂജൻ ആളുകൾക്കു പെരുത്ത ഇഷ്ടമാകും.
ഗുലുമാലുകൾ
ഇനിയാണ് ചങ്ങായിക്കു പറ്റിയ ഗുലുമാലുകൾ. ഒരുപാടുണ്ട്..തത്കാലം ഒന്നു പറയാം.
ആഫ്രിക്കൻ യാത്ര കഴിഞ്ഞപ്പോൾ തന്റെ യൂട്യൂബ് ചാനലിനു നല്ല സബ്സ്ക്രൈബേഴ്സ് ഒക്കെയായി.
വരുമാനമൊക്കെ വന്നു തുടങ്ങി. എന്തിനെക്കുറിച്ചും ആധികാരികമായി പറയാമെന്ന ധാരണയും വന്നു തുടങ്ങി.
ഒറ്റ വാക്കിൽ പറഞ്ഞാൽ “തലക്കനം’. ഒന്നോ രണ്ടോ കല്യാണം ഒക്കെ കഴിച്ചപ്പോൾ ഒരു ഹണിമൂൺ പോകാൻ ചങ്ങായിക്കു തോന്നി.
ഒരു ലക്ഷ്വറി ഹോട്ടലിൽത്തന്നെ പോയേക്കാം. ഇതിനിറക്കിയ “നന്പർ’ ആണ് ഹിറ്റായി മാറിയത്.
ഹോട്ടലുകാരോടു വിളിച്ചു തന്റെ ചാനലിനെക്കുറിച്ചും അതിന്റെ സബ്സ്ക്രൈബേഴ്സിനെക്കുറിച്ചും പറഞ്ഞു നോക്കി.
ഹോട്ടലുകാർ ഗൂഗിളിൽ ഒന്നു തെരഞ്ഞു നോക്കി. കുഴപ്പമില്ല, പറഞ്ഞതൊക്കെ ശരിയാണ്.
എന്നാൽ വന്നു റിവ്യൂ നടത്തട്ടെ എന്നായി വ്ലോഗറുടെ അടുത്ത ചോദ്യം..കോവിഡ് കാലമൊക്കെയല്ലേ, ഹോട്ടലിന് ഒരു പബ്ലിസിറ്റി കിട്ടുമല്ലോയെന്നു കരുതി അവർ സമ്മതിച്ചു.
ഇന്ന ദിവസം വരുമെന്നു നമ്മുടെ യു ട്യൂബർ അവരോടു പറയുകയും ചെയ്തു.
നീണ്ട ഹോണടി
റിസോർട്ടിന്റെ മാനേജരെ അതിരാവിലെ ഉണർത്തിയതു വണ്ടിയുടെ നീണ്ട ഹോണടിയായിരുന്നു.
എഴുന്നേറ്റു ചെന്നപ്പോൾ സ്വയം പരിചയപ്പെടുത്തി നമ്മുടെ ചങ്ങായി കടന്നുവന്നു.
കേരളത്തിൽ ഏറ്റവും സമൂഹമാധ്യമ സ്വാധീനമുള്ള വ്യക്തിയാണെന്നു സ്വയം അങ്ങനെ പരിചയപ്പെടുത്തി.
അപ്പോൾ, മാനേജർക്ക് ആളെ പിടികിട്ടി. പിന്നെ, റിസോർട്ടിനെ ബല്ല്യ സംഭവം ആക്കി തരാമെന്നു പറഞ്ഞ് പുളുവടിയും തുടർന്നു കൊണ്ടിരുന്നു.
കേരളത്തിലെ ഒന്നാമത്തെ റിസോർട്ട് ആക്കാമെന്നായിരുന്നു വാഗ്ദാനം. മൂന്നു ദിവസം സൗജന്യമായി താമസിക്കും.
എന്നാൽ, പോന്നോളു എന്നു മാനേജർ പറഞ്ഞപ്പോൾ..ചങ്ങായിയും ഭാര്യയും മാത്രമായിരുന്നില്ല,
പുറകെ വരുന്നു സുഹൃത്തുക്കളും….ചുരുക്കി പറഞ്ഞാൽ മൂന്നു വാഹനങ്ങളിലായ 15 പേർ.
ഒരു റിവ്യൂ ചെയ്യാൻ ഇത്രയും പേരോ.. മാനേജർ ഒന്നു ഞെട്ടി…പറ്റില്ലെന്നു പറയാനും പറ്റില്ല.. ഒടുവിൽ, സമ്മതിച്ചു…
ഭക്ഷണം എല്ലാം അർമാദിച്ചു കഴിച്ചു..ചെക്കൗട്ട് ദിനത്തിൽ യാത്ര പറയാൻ മാനേജരുടെ മുറിയിലെത്തിയ വ്ലോഗർക്ക് ചിരിയില്ല…മാനേജർ ഒന്നു മുഖത്തേക്കു നോക്കി…
റിസോർട്ടിനെക്കുറിച്ചുള്ള പരാതികളുടെ പ്രവാഹമായിരുന്നു ഇയാൾ മാനേജർക്കു മുന്നിൽ പറഞ്ഞത്..പുളിശേരിയിൽ കറിവേപ്പില കുറവായിരുന്നു, പുട്ടിനൊപ്പം കിട്ടിയ പഴത്തിനു പഴുപ്പ് കുറവാണ്…
ഇങ്ങനെ നിരവധി പരാതികളാണ് ഉന്നയിച്ചത്…വിദേശത്തുനിന്നടക്കം വന്ന് സായിപ്പൻമാർ വാനോളം പുകഴ്ത്തിയ റിസോർട്ടിനെക്കുറിച്ചാണല്ലോ..
ഇങ്ങനെയുള്ള കുറ്റങ്ങൾ പറയുന്നത്…. മാനേജർ തലയ്ക്കു കൈവച്ച് ഇരുന്നു പോയി.
പെയ്ഡ് ചെയ്യാറില്ല, വേണേൽ!
സത്യസന്ധമായി വീഡിയോ ചെയ്യുന്ന വ്യക്തിയാണ്. ഇതെല്ലാം ഞാൻ എന്റെ വീഡിയോയിൽ പറയും..പിന്നെ, ചെറിയൊരു അഡ്ജസ്റ്റ്മെന്റ് ചെയ്യാം..പെയ്ഡ് വീഡിയോ അങ്ങനെ ചെയ്യാറില്ല..
ഒരു അഞ്ചുലക്ഷം രൂപ തന്നാൽ നിങ്ങളുടെ റിസോർട്ടിനെ അങ്ങ് പുകഴ്ത്തിയടിച്ചേക്കാം.. അഞ്ചു ലക്ഷമോ മാനേജർ ഒന്ന് ഞെട്ടി…
ഈ വന്നവരെല്ലാം കൂടി രണ്ടുലക്ഷം രൂപയുടെ ഭക്ഷണം തന്നെ ഓസിൽ അകത്താക്കി….പെട്ടെന്നു മറുപടി പറയണം വ്ലോഗറുടെ ഭീഷണി..
മാനേജ്മെന്റിനോടു ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു. അങ്ങനെ, വ്ലോഗറും സംഘവും റിസോർട്ടിൽനിന്നു തിന്നു മുടിച്ചു യാത്രയായി. ഇടയ്ക്ക് റിസോർട്ടിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു..
ഇതിനിടയിൽ ഒരാൾ വ്ലോഗറുടെ ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ റിക്കാർഡ് ചെയ്തു…പിന്നെയും വ്ലോഗറുടെ ഭീഷണി വന്നു കൊണ്ടിരുന്നു…
അഞ്ച് കുറഞ്ഞു മൂന്നു ലക്ഷമായി…ഇതിനിടയിൽ മാനേജർ താങ്കളുടെ ഫോൺ കോൾ റിക്കാർഡ്സ് പോലീസിനു കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചതോടെ വ്ലോഗർ വലിഞ്ഞു.
ഇനിയുമുണ്ട്..വീരസാഹസിക കഥകൾ വേറെയും..യൂ ട്യൂബേഴ്സ് അറസ്റ്റിലായപ്പോൾ ചങ്ങായി ചെയ്ത പഴയ വീഡിയോ ആരൊക്കെയോ കുത്തിപൊക്കി കൊണ്ടുവന്നു…
ബല്ല്യ ബല്ല്യ ആഗ്രഹങ്ങളാണ് അതിനകത്തു പറയുന്നത്…ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ എന്നെ മന്ത്രിയാക്കണമെന്നു പോലും പറയുന്നുണ്ട്…
അങ്ങനെ, കിടിലൻ തരികിട പരിപാടികളുമായി ഈ മഹാസംഭവം ഇപ്പോഴും വിലസുന്നുണ്ട്..