തിരുവനന്തപുരം: നവകേരള സദസ് ജനത്തെ കബളിപ്പിക്കുന്ന യാത്രയാണെന്ന് യുഡിഎഫ് കൺവീനർ എം .എം. ഹസൻ. പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിച്ച ഹസൻ ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസാണെന്നും കൂട്ടിച്ചേർത്തു.
ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണ്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലണ്ടർ ആയേനെ എന്നും ഹസൻ പറഞ്ഞു.
മുസ് ലിം ലീഗ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഇടം നേടിയതിനെക്കുറിച്ചും ഹസൻ പ്രതികരിച്ചു. ലീഗിന്റെ മറുപടി തൃപ്തികരമാണ്.
കേരള ബാങ്ക് രൂപീകരണത്തിനെതിരെയുള്ള നടപടികൾ തുടർന്നു പോകുമെന്നും ലീഗ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉണ്ടോ എന്നുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് എം എം ഹസൻ മറുപടി നൽകി.