തിരുവനന്തപുരം: കോണ്‍ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും വി.എം. സുധീരൻ രാജിവച്ചു.
പുതിയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് സുധീരൻ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജികത്ത് കൈമാറിയത്.
രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരൻ പരാതി ഉന്നയിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല.
പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുരധീരൻ പരാതി ഉന്നയിച്ചു.കെ.സുധാകരനെ കെപിസിസി പ്രസിഡന്റും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ചതിനു പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ തുടങ്ങിയ പുകച്ചിൽ ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ ആളിക്കത്തുകയാണ്.
കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാകുകയാണ് സുധീരന്റെ രാജിയോടെ.മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയുമായും അതൃപ്തികൾ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീരന്റെ രാജി. നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയാണ് സുധീരനും രേഖപ്പെടുത്തിയിരിക്കുന്നത്.