സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ കത്ത്. സമൂഹത്തിൽ പലതലത്തിലുള്ള ഉന്നത വ്യക്തികളുമായി ബന്ധമുള്ള മോൻസൺ അസാധാരണ കുറ്റവാളിയാണെന്നും മോൻസണിനെതിരേയുള്ള പ്രഥമ വിവര റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായുള്ള മാധ്യമ റിപ്പോർട്ട് ഗൗരവതരമാണെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന പോലീസിന്റെ തലപ്പത്തുള്ളവരുൾപ്പെടെ ഉന്നത ഓഫീസർമാരുമായി വഴിവിട്ട ഇടപാടുകളാണ് മോൻസണുള്ളതെന്നു വ്യക്തമാണ്. അതിനാൽ നിലവിലുള്ള കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സുധീരൻ പറയുന്നു.
മോൻസണിനെതിരായ പ്രഥമ വിവര റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചെന്ന മാധ്യമറിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന എഫ്ആർ പൊതുരേഖയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിത്.
ഡിജിപി തലത്തിൽ പ്രവർത്തിച്ചിട്ടുള്ള ഉന്നതരുൾപ്പെടെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങൾ മോൺസൺ നിർബാധം തുടർന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയാതെ പോയത് ഗുരുതര വീഴ്ചയാണ്. പരാജയവുമാണ്.
ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടുപോയതാണെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതിനാൽ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത് ഉചിതമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു.
അതേസമയം, പുരാവസ്തു- സാന്പത്തിക തട്ടിപ്പുകൾ അടക്കമുള്ള മോൻസണിനെതിരേയുള്ള കേസുകൾ അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സപർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.