അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം.സി( മെയിന്‍ സെന്‍ട്രല്‍) റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വി.എം സുധീരന്റെ വക കത്ത്.
അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും സുധീരന് കത്തില്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ റോഡ് പുനര്‍നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി.എം. സുധീരന് കൂട്ടിച്ചേര്‍ത്തു.
സുധീരന്റെ വാക്കുകള്‍ ഇങ്ങനെ…
പ്രിയപ്പെട്ട മുഖ്യമന്ത്രി,
പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.
എം.സി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രതികരണം.
എം.സി. റോഡിന് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഇത്തരുണത്തില്‍ തികച്ചും ഉചിതമായിരിക്കും.
എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.
സ്നേഹപൂര്‍വ്വം വി.എം. സുധീരന്.