കോഴിക്കോട്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന് വി.എം.കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ചു ജനകീയമാക്കുന്നതിന് പിന്നില്‍ ഗായകനും കവിയുമായിരുന്ന വി.എം. കുട്ടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
കല്യാണപന്തലുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ ഗാനമേളയിലൂടെ പൊതുവേദിയില്‍ എത്തിച്ച ആദ്യകലാകാരന് കൂടിയായിരുന്നു അദ്ദേഹം.
1972ല്‍ കവി പി. ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍ഗോട്ടു നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്.
കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയതും വി.എം. കുട്ടിയാണ്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദവും സംഗീതവും നല്കിയ വി.എം. കുട്ടി മികച്ച ഗാനരചയിതാവു കൂടിയാണ്.
സംഗീത നാടക അക്കാദമി പുരസ്കാരവും അദ്ദേഹം നേടി. ഏഴുസിനിമകളില്‍ പാടിയ വി.എം.കുട്ടി ഉല്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിക്കുകയും മൂന്നു സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്യുകയും ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമയുടെ ഗാനരചയിതാവായിരുന്നു.
1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലാണ് വി.എം.കുട്ടിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്സിനും ശേഷം 1985 വരെ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ടു രംഗത്തു സജീവമായി.
ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് ഇരുപതാം വയസില്‍ കലാജീവിതം തുടങ്ങി. 1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളില്‍ വരെ വി.എം. കുട്ടി നിറഞ്ഞു നിന്നു.
മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികൾ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സിഎച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും വി.എം. കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ്-കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി പദവികളും വഹിച്ചു.
വി.എം. കുട്ടി: ഇശലുകളുടെ സുല്‍ത്താന്‍
കോഴിക്കോട് : മലയാളികളുടെ മനസില്‍ ഒളിമങ്ങാത്ത മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ നല്കിയ സുല്‍ത്താനായിരുന്നു വി.എം.കുട്ടി.
മലബാറിലെ വിവാഹ വീടുകളില്‍ മാത്രം ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടിനെ വെള്ളിത്തിരകളിലും പൊതുവേദികളിലും സ്കൂള്‍ കലോത്സവങ്ങളിലുമെല്ലാം നിറപ്പകിട്ടാക്കിയാണു വി.എം.കുട്ടി എന്ന കലാകാരന് മലയാളി മനസിലേക്കെത്തുന്നത്.
ഹിന്ദുസ്ഥാനി സംഗീതം മലയാളത്തിലേക്കു സന്നിവേശിപ്പിച്ച അതുല്യപ്രതിഭ എം.എസ്. ബാബുരാജും യേശുദാസും വരെ വി.എം. കുട്ടിയുടെ ഭാവനയില്‍ പിറന്ന മാപ്പിളപ്പാട്ടിന്റെ വരികള്‍ പാടിയിട്ടുണ്ട്.
മലപ്പുറത്തെ സമ്പന്ന സമ്പന്ന കാര്‍ഷിക കുടുംബത്തില്‍ ജനിച്ച വി.എം.കുട്ടി ബാല്യം മുതലേ സംഗീതത്തോട് താത്പര്യം കാണിച്ചിരുന്നു.
ജോലിക്കാരായി വീട്ടുമുറ്റത്തെത്തുന്നവര്ക്കു കൃഷി ചെയ്യാനറിയുന്നതുപോലെ തനതു നാടന്‍ കലകളിലും സര്‍ഗശേഷിയുണ്ടായിരുന്നു.
ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, പരിചമുട്ടുകളി, ചവിട്ടുകളി അങ്ങനെ കണ്ണിനും കാതിനും കൗതുകം പകരുന്ന കലകള്‍ വീട്ടില്‍ അവതരിപ്പിക്കുന്നതു കണ്ടുകൊണ്ടായിരുന്നു വളര്‍ന്നത്.
അന്നു മുതല്‍ നാടന്പാട്ടുകളോടു തോന്നിയ ഇഷ്ടം ഉള്ളിലെ കലാകാരനെ വളരാന്‍ സഹായിച്ചു.
1948 ലാണ് ഫറോക്കില്‍ ഹൈസ്കൂള്‍ പഠനത്തിനെത്തുന്നത്. പാട്ടുകാരനായി സാഹിത്യസമാജത്തില് പങ്കെടുത്തുകൊണ്ടിരുന്നു.
വാര്‍ഷികാഘോഷങ്ങള്‍, നാടകം, ഗാനമേള, പ്രച്ഛന്നമത്സരം തുടങ്ങിയവയില്‍ പങ്കെടുത്തു. സ്കൂള്‍ ജീവിതത്തിനു ശേഷം അധ്യാപകനായും തുടര്‍ന്നു.
1957ലാണ് കേരളത്തില്‍ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ഗായകസംഘം എന്ന ആശയം നടപ്പാക്കുന്നത്. സാഹിത്യസമാജങ്ങളില്‍ നിന്നുള്ള പ്രചോദനം ഒരു ഗായകന് എന്ന ആത്മവിശ്വാസം വി.എം. കുട്ടിയിലുണ്ടാക്കിയിരുന്നു. ഇതാണു ട്രൂപ്പ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
കുട്ടീസ് ഓര്‍ക്കസ്ട്ര എന്നു പേരിട്ടു. മലപ്പുറം കോട്ടപ്പടിയിലായിരുന്നു ആദ്യവേദി. ഗാനമേള ട്രൂപ്പുകള്‍ക്കിടയില്‍ അരമണിക്കൂര്‍ മാത്രം മാപ്പിളപ്പാട്ടിനായി മാത്രം വേദി ഒഴിഞ്ഞുനല്‍കുകയായിരുന്നു.
പിന്നീട് മാപ്പിളപ്പാട്ടിനായി മാത്രം വേദിയൊരുക്കി ആസ്വാദകര്‍ കാത്തിരിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിക്കാന്‍ വി.എം. കുട്ടിക്കായി.
അക്കാലത്തു മുസ്ലിം പെണ്‍കുട്ടികള്‍ പാട്ടുരംഗത്തേക്കു കടന്നുവന്നിരുന്നില്ല. ഇതര മതവിഭാഗത്തില്‍പെട്ടവരെ പരിശീലിപ്പിച്ചെടുത്തു.
1970-80കളില്‍ വി.എം കുട്ടി-വിളയില്‍ വല്‍സല (വിളയില്‍ ഫസീല) കൂട്ടുകെട്ട് മാപ്പിളപ്പാട്ടില്‍ തരംഗം സൃഷ്ടിച്ചു. പുളിക്കല്‍ ആയിഷ സഹോദരിമാര്‍, മുക്കം സാജിദ, നിസ മോള് തുടങ്ങി നിരവധി ഗായികമാരുണ്ടായിരുന്നു.
എം.എസ് ബാബുരാുജും വി.എം.കുട്ടിയുടെ ട്രൂപ്പിലുണ്ടായിരുന്നു. യേശുദാസിനു പുറമെ കെ.ജി മാര്‍ക്കോസ്, ജയചന്ദ്രന്, ഉണ്ണിമേനോന് തുടങ്ങിയ ഗായകര്‍ക്കു വേണ്ടിയും കാസറ്റുകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.
പതിനാലാം രാവ്, മൈലാഞ്ചി എന്നീ സിനിമകളില്‍ വി.എം. കുട്ടി പാടിയിരുന്നു.