തിരുവനന്തപുരം: പ്രളയക്കടലിൽ കൈപിടിച്ച ദൈവങ്ങൾക്ക് നന്ദി അറിയിക്കാൻ നാടൊഴുകിയെത്തി. നിശാഗന്ധിയിൽ നിറഞ്ഞു കവിഞ്ഞ മനുഷ്യക്കടലിനെ സാക്ഷിയാക്കി കേരളത്തിന്റെ സൈന്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ബിഗ് സല്യൂട്ട് അർപ്പിച്ചു. അവരുടെ ധീരകഥകൾ കേരളത്തിന്റെ വീരചരിതമായി വാക്കുകളിൽ തുളുന്പിയപ്പോൾ പുരുഷാരത്തിന്റെ കണ്ണുകളിലെല്ലാം വീണ്ടും സ്നേഹക്കടൽ നിറഞ്ഞു.
അപകടത്തിൽപ്പെട്ട സഹോദരങ്ങളെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി ചാടിയിറങ്ങിയത്. ജോലിയെക്കുറിച്ചോ ജീവനെക്കുറിച്ചോ സ്വന്തം കുടുംബങ്ങളെക്കുറിച്ചോ അവർ ഒന്നും ആലോചിച്ചില്ല. സർക്കാരിന്റെ സഹായപ്രഖ്യാപനങ്ങൾ പിന്നെയാണ് വന്നത്.
ഇത് നമ്മുടെ സഹോദരങ്ങളെ കുറിച്ചുള്ള മേനിപറച്ചിലല്ല, അക്ഷരാർഥത്തിൽ അത് അങ്ങനെ തന്നെയായിരുന്നു. പ്രാഗത്ഭ്യമുള്ള സേനകളുടെ തലവൻമാരും അവരുടെ ഇടപെടലും ചടുലതയുമെല്ലാം അംഗീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ബിഗ് സല്യൂട്ട്. ഈ ഐക്യമാണ് നാം കാത്തുസൂക്ഷിക്കേണ്ടത് ’-മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെടുതിമൂലം വീണ വീഴ്ചയിൽ കരഞ്ഞിരിക്കാൻ നാം തയാറല്ല. നാടിനെ കൂടുതൽ ഉയരത്തിലേക്ക് ഉയർത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ഈ ദുരന്തത്തെ നാം നേരിട്ടത് അങ്ങേയറ്റം ഐക്യത്തോടും ഒരുമയോടുമാണ്. നമ്മുടെ രക്ഷാപ്രവർത്തനം വിജയിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികൾ മാറി. ഒന്നും ആലോചിക്കാതെയാണ് ആ സഹോദരങ്ങൾ രക്ഷയ്ക്കിറങ്ങിയത്.
കരുത്തരെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങി ശാരീരികബുദ്ധിമുട്ടുണ്ടായവരെ ഉടൻ വിളിച്ചുവരുത്തേണ്ട എന്നു കരുതിയാണ് സ്വീകരണചടങ്ങ് ഇത്രയും നീട്ടിയത്. ഇതിലേറെ വൈകുന്നത് ഒൗചിത്യവുമല്ല. അതിനാലാണ് ചടങ്ങ് ഇപ്പോൾ സംഘടിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിന് പ്രാഗത്ഭ്യം നേടിയ ഒട്ടേറെ സേനാവിഭാഗങ്ങൾ നമ്മുടെ പ്രവർത്തനത്തെ സഹായിക്കാനെത്തി. വ്യോമസേന, നാവികസേന, കോസ്റ്റ് ഗാർഡ്, ദേശീയദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്സ് എല്ലാവരും അർപ്പണബോധത്തോടെ പ്രവർത്തിച്ചു.
മലവെള്ളം പെട്ടെന്ന് ആർത്തലച്ച് വന്നപ്പോൾ നല്ല ഉൾക്കരുത്തോടെ നമ്മുടെ കടമയാണെന്ന് കരുതി യുവാക്കളും ചാടിയിറങ്ങി. ആപത്ഘട്ടത്തിൽ സഹജീവികളെ സംരക്ഷിക്കാൻ മനുഷ്യസ്നേഹത്തോടെയുള്ള നിലപാടെടുത്ത യുവാക്കൾ, നമ്മുടെ ഭാവി ശോഭനമാണെന്നതിന്റെ ഉറപ്പു കൂടിയാണ് അവരുടെ നിലപാടെന്നും മുഖ്യന്ത്രി പറഞ്ഞു.
പ്രളയത്തെ നേരിടാൻ കാണിച്ച ഐക്യം നാം കാത്തുസൂക്ഷിക്കണം. അതുമായി നാം മുന്നോട്ടുപോകണം. നമ്മുടെ നാടിനെ നഷ്ടപ്പെട്ടതിനേക്കാൾ മികച്ചതായി ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയണം. കഷ്ട്നഷ്ടങ്ങൾ അനുഭവിച്ചവർക്ക് ശരിയായ പുനരധിവാസം ഉറപ്പുവരുത്താനാകണം. നാം ജീവിക്കുന്നത് ഭൂലോകത്തെ ഏറ്റവും മൂല്യമുള്ള മണ്ണിലാണ്. നമ്മളെ അറിയാവുന്ന എല്ലാവരും ഈ നാടിനെ സ്നേഹിക്കുന്നു.
ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും കേരളം എന്താണെന്നറിയാം. കേരളത്തിനുവന്ന പരിക്ക്, തങ്ങളുടെ പരിക്കാണെന്ന് അവർ തിരിച്ചറിയുന്നു. അമേരിക്കയിൽനിന്ന് രണ്ടു ചെറുപ്പക്കാർ ഫേസ്ബുക്ക് കൂട്ടായ്മ വഴി പിരിച്ച 10 കോടി രൂപയുമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ നാടിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നവിധം പുനർനിർമിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. അനുമോദനപത്രത്തിനൊപ്പം സർക്കാരിന്റെ ഉപഹാരവും അവർക്കു സമ്മാനിച്ചു.
ഓരോ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ മുഖ്യമന്ത്രിയും മറ്റുള്ളവരെ മന്ത്രിമാരും വിശിഷ്ടാതിഥികളുമാണ് ആദരിച്ചത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി തോമസ്, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ശശി തരൂർ എംപി, മേയർ വി.കെ. പ്രശാന്ത്, എംഎൽഎമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, വി.എസ്. ശിവകുമാർ, എം. വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി നന്ദിയും പറഞ്ഞു.