തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം നൽകേണ്ട പണമെല്ലാം നല്കിയിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഇനിയും കേന്ദ്രത്തിൽനിന്നു പണം കിട്ടാനുണ്ടെങ്കിൽ അത് കേരളത്തിന്റെ കെടുകാര്യസ്ഥത മൂലമാണ്.
എല്ലാ സംസ്ഥാനങ്ങൾക്കും നിയമം ഒരുപോലെയാണ്. കൃത്യമായി ധനക്കമ്മിഗ്രാന്റ് നൽകുന്നുണ്ട്. കുടുതൽ തുക കടമെടുപ്പിന് അനുവദിച്ചു. ഏഴാം ശമ്പള പരിഷ്കരണ കുടിശികയ്ക്ക് കേരളം അപേക്ഷ നൽകിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകേണ്ടതായിരുന്നു. മൂലധന സഹായ ഫണ്ടിലേക്ക് പണം അനുവദിച്ചു. എന്നാൽ കേരളം രേഖകൾ കേന്ദ്രസർക്കാരിന് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാന്റിന്റെ പകുതി പണം പോലും ചെലവാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.