ആറന്മുള: പമ്പാനദിയുടെ സമീപ പ്രദേശത്ത് നിന്നും വീണ്ടും ഭൂഗർഭ മത്സ്യത്തെ ലഭിച്ചു.നീർവിളാകം എകെജിപ്പടിക്ക് സമീപം അയിരുക്കുഴിയിൽ കിഴക്കേതിൽ ജോർജ് ചാക്കോയുടെ വീട്ടിൽ നിന്നാണ് മത്സ്യത്തെ ലഭിച്ചത്.
കിണറ്റിൽ നിന്ന് പമ്പ് ചെയ്ത ജലം ടാങ്കിലെത്തിയപ്പോൾ അകപ്പെട്ട മത്സ്യം പൈപ്പിലൂടെയെത്തിയ വെള്ളം പാത്രത്തിൽ ശേഖരിച്ചപ്പോഴാണ് കാണപ്പെട്ടത്.
ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതും ഒരു വിരലിന്റെ മാത്രം വലിപ്പമുള്ളതുമായ സബ്ടെറാനിൻ വിഭാഗത്തിൽപ്പെട്ട മത്സ്യം നേരത്തെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു.
2018 നവംബറിൽ പെരിങ്ങരയിൽ നിന്നും 2019 ഓഗസ്റ്റിൽ ചെങ്ങന്നൂരിന് സമീപം ഇടനാട്ടിൽ നിന്നും ഇത്തരം മത്സ്യത്തെ ലഭിച്ചിരുന്നു, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് ഇതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.
പെരിങ്ങരയിൽ നിന്ന് ലഭിച്ച മത്സ്യത്തിനു ശാസ്ത്രജ്ഞൻ മഹാബലി എന്ന് പേര് നൽകിയിരുന്നു.
ക്യാറ്റ് ഫിഷ് എന്ന അപരനാമത്തിലും ഇത് അറിയപ്പെടുന്നുണ്ട്. നീർവിളാകത്ത് നിന്ന് നേരത്തെയും ഇത്തരം മത്സ്യം ലഭിച്ചെങ്കിലും വരാൽ കുഞ്ഞാണെന്നാണ് നാട്ടുകാർ കരുതിയത്.
ഇപ്പോൾ ലഭിച്ച മത്സ്യത്തെ ജോർജ് ചാക്കോയുടെ ഇടനാട്ടിലുള്ള ബന്ധുവിന്റെ മത്സ്യ വളർത്തർ കേന്ദ്രത്തോടനുബന്ധിച്ച് പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് മത്സ്യത്തെ ലഭിച്ചത്. ഭൂഗർഭ മത്സ്യമാണെന്ന സംശയം ബന്ധുവായ സാനുവിനു തോന്നിയതിനെ തുടർന്നാണ് ഇതിനെ പ്രത്യേകമായി സംരക്ഷിക്കാൻ തീരുമാനിച്ചത്.