പീരുമേട്: വാക്സിൻ ലഭ്യമല്ല, തിരിച്ചു പോകാൻ വിമാനവുമില്ലാതെ അമേരിക്കൻ പൗരൻ പ്രതിസന്ധിയിലായി.
ആരോഗ്യ വകുപ്പിന്റെ കനിവ് തേടി ജോണി പീയേർസ് വാഗമണ്ണിൽ തനിച്ചു കഴിയുകയാണ്.
75-കാരനായ അമേരിക്കൻ പൗരനായ ജോണി കേരളം സന്ദർശിച്ചതിനുശേഷം 14 മാസങ്ങളായി നാട്ടിലേക്ക് മടങ്ങാനാവാതെ വാഗമണ്ണിൽ തുടരുകയാണ്.
വിദേശ പൗരനായതിനാലാണ് ഇയാൾക്ക് വാക്സിൻ ലഭിക്കാത്തത്.
വാക്സിൻ സ്വീകരിക്കുന്നതിനായി മൂന്ന് ആശുപത്രികളിൽ എത്തിയെങ്കിലും ഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്‍കൂ എന്ന മറുപടിയാണ് അധികൃതരിൽനിന്നും ലഭിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽനിന്നും വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യവും നിലവിൽ ലഭ്യമല്ലാത്തതാണ് ഇയാൾക്ക് തിരിച്ചടിയായത്.
കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കേണ്ടതായുണ്ട്.
ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടില്ല.
കാൻസർ രോഗബാധിതനായ ഇയാൾ നാട്ടിലേക്ക് മടങ്ങാൻ മേയ് ഏഴിന് ടിക്കറ്റ് ബുക്കുചെയ്തിരുന്നു.
എന്നാൽ ഇന്ത്യയിൽനിന്നുമുള്ള പാസഞ്ചർ സർവീസ് മാറ്റിയതോടെ മടങ്ങാനായില്ല. നിലവിൽ വാഗമണ്ണിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയെന്നത് ഭയാനകമാണന്നാണ് ഇയാൾ പറയുന്നത്.
കേരളത്തിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമോ എന്ന ഭീതിയും ജോണിനുണ്ട്.
14 മാസംമുന്‍പ് വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതാണ് ഇയാൾ. അമേരിക്കയിൽ കോവിഡ് രൂക്ഷമായപ്പോൾ അരോഗ്യ സ്ഥിതി കാണിച്ച് കോടതിയുടെ പ്രത്യേക അനുമതി നേടി വിസാ കാലാവധി പുതുക്കിയിട്ടുണ്ട്.
ജനങ്ങൾക്ക് മുഴുവൻ വാക്സിൻ നൽകാൻ സർക്കാർ തയാറെടുക്കുന്പോൾ ഇന്ത്യക്കാരൻ അല്ലാത്തതിന്റെപേരിൽ തനിക്ക് വാക്സിൻ നല്‍കാതിരിക്കുന്ന തീരുമാനം മാനസികമായി ഏറെ വേദനിപ്പിക്കുകയാണെന്ന് അദ്ദേഹം ’ദീപിക’യോട് പറഞ്ഞു.