നിരക്ക് വര്‍ധന ചതിച്ചു ! വോഡഫോണ്‍-ഐഡിയയ്ക്ക് നഷ്ടം രണ്ടു ലക്ഷം കോടി രൂപ; വിട്ടു പോയത് രണ്ടു കോടി ആളുകള്‍…

രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കടന്നു പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍.

പാട്ട ബാധ്യതകള്‍ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,894.1 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയക്ക് ലാഭത്തിലെത്താന്‍ കഴിഞ്ഞില്ല.

മാത്രമല്ല നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി പേര്‍ വിഐയുടെ സേവനം ഉപേക്ഷിക്കുകയും ചെയ്തു.

കമ്പനി താരിഫ് വര്‍ധിപ്പിച്ചതിനാല്‍ വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം ഒരു വര്‍ഷം മുന്‍പ് ഇതേ പാദത്തിലെ 26.98 കോടിയില്‍ നിന്ന് 24.72 കോടിയായി കുറഞ്ഞു.

അതായത് ഏകദേശം 2 കോടി പേര്‍ വിട്ടുപോയി. 2021 നവംബറില്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും കോംബോ വൗച്ചറുകളും ഉള്‍പ്പെടെ എല്ലാ പ്രീപെയ്ഡ് താരിഫുകളും വര്‍ധിപ്പിച്ചിരുന്നു, അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ 99 രൂപയിലേക്ക് മാറ്റുകയും ചെയ്തു.

തല്‍ഫലമായി, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (എഫ്വൈ) രണ്ടാം പാദത്തിലെ 109 രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 5.2 ശതമാനം ഉയര്‍ന്ന് വരിക്കാരില്‍ നിന്നുളള പ്രതിമാസ വരുമാനം 115 രൂപയായി മെച്ചപ്പെട്ടു.

ഇതിനിടെ വരിക്കാരുടെ എണ്ണം 24.72 കോടിയായി കുറയുകയും ചെയ്തു. എന്നാല്‍, താരിഫ് വര്‍ധിപ്പിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി നോക്കുമ്പോള്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (ARPU) അഞ്ചു ശതമാനം കുറഞ്ഞു. 2020-21 ലെ മൂന്നാം പാദത്തില്‍ ഇത് 121 രൂപയായിരുന്നു.

Related posts

Leave a Comment