ന്യൂഡല്‍ഹി: സൗജന്യ കോളുകളും നല്കി റിലയന്‍സ് ജിയോ മുന്നേറുന്നത് രാജ്യത്തെ ഒട്ടു മിക്ക ടെലികോം കമ്പനികളുടെയും കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണ്. ആഗോള ടെലികോം ഭീമനായ വോഡഫോണിന്റെയും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു. ജിയോയുടെ സൗജന്യത്തിനെതിരേ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വോഡഫോണ്‍. ട്രായ് കല്പ്പിച്ചിരിക്കുന്ന നിരക്കിലും കുറച്ച് ജിയോ ഓഫര്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വോഡഫോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
തുടക്കത്തില്‍ ജിയോ പ്രഖ്യാപിച്ച 90 ദിവസത്തെ പ്രൊമോഷണല്‍ ഓഫറിന്റെ കാലാവധി നീട്ടിയതും ട്രായ്യുടെ നിയമത്തിന്റെ ലംഘനമാണെന്ന് വോഡഫോണ്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് ഭാരതി എയര്‍ടെലും ഐഡിയയും ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റില്‍മെന്റ് അപ്പീല്ലേറ്റ് ട്രിബ്യൂണലി(ടിഡിഎസ്എടി)ല്‍ പരാതി നല്‍കിയിരുന്നു. ട്രായ് ജിയോയ്ക്ക് ക്ലീന്ഷിറ്റ് നല്‍കിയതിനു ശേഷമായിരുന്നു ഇരു ടെലികോം കമ്പനികളുടെയും ഈ നടപടി.