വിഴിഞ്ഞം : വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച് വീട്ടമ്മയെ അപമാനിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൂട്ടു പ്രതികൾക്കായിഅന്വേഷണം ആരംഭിച്ചു.
പൂവാർ ജമാഅത്തിലെ മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പ് താഴെ വീട്ടുവിളാകം വീട്ടിൽ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്.
പൂവാർ സ്വദേശിയായ വീട്ടമ്മയെ അപമാനിക്കുന്നതരത്തിൽ മറ്റൊരു സ്ത്രീയെക്കൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദം നിർമിക്കുകയും ഫോണിലെ കോൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ ഫോൺ നമ്പരും പേരും എഡിറ്റ് ചെയ്ത് വ്യാജമായി നിർമിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദ് ഷാഫി പിടിയിലായത് .
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു കുട്ടി ക്ലാസിൽ വരാത്തതിനെക്കുറിച്ച്അമ്മയെ വിളിച്ച് വിവരമന്വേഷിച്ച ശേഷം നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തി.
ഇതിനെതിരെവീട്ടമ്മ ജമാഅത്തിൽ പരാതിനൽകി. അന്വേഷണം നടത്തിയ ജമാഅത്ത് അധികൃതർ അധ്യാപകനെ മദ്രസയിൽ നിന്ന് പിരിച്ച് വിട്ടു.
ഇതിന് പ്രതികാരമെന്ന നിലയിൽ മുഹമ്മദ് ഷാഫി തന്റെ സുഹൃത്തായ ഒരു സ്ത്രീയെക്കൊണ്ട് പരാതിക്കാരിയായ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ആൾമാറാട്ടം നടത്തി വിളിച്ചു.
ജമാ അത്ത് ഭാരവാഹികളെയും പരാതിക്കാരിയായ വീട്ടമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള സംസാരം റിക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.
കൂടാതെ ഫോണിൽ വന്ന ഇൻകമിംഗ് കോൾ ലിസ്റ്റിലും ഇയാൾ ആൾമാറാട്ടം നടത്തി. വിളിപ്പിച്ച സ്ത്രീയുടെ പേരും നമ്പരും മാറ്റി പരാതിക്കാരിയുടെ പേരും നമ്പരും ശബ്ദ സന്ദേശവും കോൾ ലിസ്റ്റിൻ ഉൾപ്പെടുത്തി സ്ക്രീൻ ഷോട്ടുകളും എഡിറ്റ് ചെയ്തശേഷം ജമാ അത്തിലേക്ക് അയച്ചു. വ്യാജമായി നിർമിച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രചരിപ്പിക്കപ്പെട്ട ശബ്ദസന്ദേശം മറ്റൊരു സ്ത്രീയെക്കൊണ്ട് വിളിപ്പിച്ച് വ്യാജമായി നിർമിച്ചതാണെന്നും പ്രചരിപ്പിച്ച സ്ക്രീൻ ഷോട്ടുകളെല്ലാം എഡിറ്റ്ചെയ്തതാണെന്നും പോലീസ് കണ്ടെത്തിയത്.
തുടർന്ന് പൂവാർ സിഐ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ പൂവാർ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എഎസ്ഐ ഷാജികുമാർ, പോലീസ് ഉദ്യോഗസ്ഥരായ പ്രഭാകരൻ,അനിത, ശശീനാരായൺ, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
ഈ ശബ്ദ സന്ദേശവും സ്ക്രീൻ ഷോട്ടുകളും വ്യാജമായി നിർമ്മിക്കാൻ പ്രതിയെ സഹായിച്ചവരെയും, സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചവരെയും അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു.