കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ശബ്ദ സന്ദേശത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിനായി കാത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാന്പിൾ അന്വേഷണസംഘം ശേഖരിച്ചു.
ഇത് ഉല്ലാസിന്റെ ശബ്ദം തന്നെയാണോ എന്ന് ഫോറൻസിക് ലാബിലെ പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കും.
ദിലീപിന്റെ ഫോണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം വീണ്ടെടുത്തത്.
ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശം വീണ്ടെടുക്കുകയായിരുന്നു. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോലിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ 18ന് ആണ് നടപടികൾ പൂർത്തിയാക്കിയത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ മുൻ ജില്ലാ സെക്രട്ടറിയും വടക്കാൻഞ്ചേരിയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു.
ശബ്ദ സന്ദേശം ഉല്ലാസ് ദിലീപിന് അയച്ചതാണെന്നാണ് കരുതുന്നത്. “തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഓഡിയോ സന്ദേശം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് ആദ്യം കഴിഞ്ഞിരുന്നില്ല.
സമാനമായ മറ്റ് ചില ശബ്ദ സന്ദേശങ്ങളും ഫോണിൽനിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നിൽ പരാമർശിക്കുന്ന ഒരു സ്വാമിയെ തിരിച്ചറിഞ്ഞതോടെയാണ് ഉല്ലാസ് ബാബുവിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നത്.