കോവളം: വിദേശയുവതികളെ വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ച് സ്വത്തും പണവുംകവര്ന്നെടുത്ത യുവാവിനെ കോവളം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം ആവാടുതുറ സെലന്റ്വാലി ഹൗസില്‍ വിവേക് നാഥ് വേണുഗോപാല്‍ (27)ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോവളം ആവാടുതുറ ഭാഗത്ത് ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാള്‍ ഇവിടെയും കോവളത്തും താമസത്തിനായി വരുന്ന വിദേശ യുവതികളെ വശീകരിക്കുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കുകയും ചെയ്യും. മലയാളി യുവതികളെ പ്രേമിച്ച് പണം തട്ടിയെടുക്കുന്നത് റിക്സാണെന്നാണ് ഇയാളുടെ പക്ഷം. അതുകൊണ്ടാണത്രേ വിദേശി യുവതികളെ തന്നെ വലവീശി പിടിച്ചത്. കൈയ്യില്‍ പൈസയുള്ളവരാണ് വിദേശികള്‍. ചോദിക്കുന്നതെന്തും തരികയും ചെയ്യും. സ്വന്തം നാട്ടിലേക്കു ഉടന്‍ മടങ്ങുമെന്നതിനാല്‍ ഇവര്‍ കേസ് കൊടുത്ത് ശല്യപ്പെടുത്തുകയമില്ല.
വലയില്‍ വീഴുന്ന യുവതികളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍തുകകള്‍ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇങ്ങനെ ഹോളണ്ടുകാരായ രണ്ട് യുവതികളില്‍ നിന്ന് 11 ലക്ഷം രൂപയും 90,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും റഷ്യക്കാരായ മൂന്ന് പേരില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. തട്ടിപ്പിനിരയായ യുവതികള്‍ക്ക് വിവേകിന്റെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നി ഇയാളുടെ ഫെയ്സ് ബുക്ക് ചാറ്റുകള്‍ പരിശോധിച്ച് പരസ്പരംബന്ധപ്പെട്ടതോടെയാണ് വിവേക് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് മനസിലായത്.
അവര്‍ ഒരു വാട്സ് അപ്പ് ഗ്രൂപ്പിന് രൂപം നല്‍കുകയും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി പരാതിഅയയ്ക്കുയും ആയിരുന്നു.കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരുമാസം മുമ്പ് കോവളം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. കൊല്ലം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന ഇയാളുടെ മൊബൈല്‍ ട്രെയ്സ് ചെയ്തു വരുന്നതിനിടെ കഴിഞ്ഞ ദിവസം നഗരത്തിലെത്തിയതായി മനസിലാക്കി ഇവിടെ താമസിച്ച സ്ഥലത്ത് നിന്നും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ കൂടുതല്‍ വിദേശവനിതകളെ കബളിപ്പിച്ചിട്ടുണ്ടൊയെന്ന് അന്വേഷിച്ച് വരുകയാണെന്ന് പോലീസ് പറഞ്ഞു.