എടക്കര: കോവിഡ് വാക്സിനേഷനെത്തിയ സ്ത്രീ ടോക്കണെടുക്കാനെത്തിയ ആളുകളുടെ പേരെഴുതി ലിസ്റ്റ് തയാറാക്കിയത് പോത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബഹളത്തിനിടയാക്കി.
ഇന്നലെ രാവിലെ ആറരയോടെ ആശുപത്രിയിലെത്തിയ ഭൂദാനം സ്വദേശിനിയാണ് വാക്സിനേഷൻ ചെയ്യാനെത്തിയവരുടെ പേരുകൾ തയാറാക്കിയത് ബഹളത്തിൽ കലാശിച്ചത്.
എട്ടു മണിക്ക് ആശുപത്രിയിലെത്തി ടോക്കണ്‍ നൽകാൻ ആശുപത്രി അധികൃതർ ആശാ വർക്കറെ ചുമതലപ്പെടുത്തിയിരുന്നു.
ആശാ വർക്കർ എത്തിയപ്പോഴേക്കും ഇവർ നൂറ്റിയറുപത് ആളുകളുടെ ലിസ്റ്റ് തയാറാക്കി വച്ചിരുന്നു. കൂടുതൽ ആളുകൾ എത്തിയതോടെ ആശുപത്രി പരിസരം ബഹളമയമായി.
നൂറു പേർക്കുള്ള വാക്സിൻ മാത്രമാണ് ആശുപത്രിയിൽ ഇന്നലെ ലഭിച്ചിരുന്നത്. ഒടുവിൽ പോത്തുകൽ പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ ശാന്തരാക്കിയത്.
തുടർന്നു ഇവർ തയാറാക്കിയ ലിസ്റ്റ് പ്രകാരം ആശുപത്രിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കണ്‍ നൽകുകയും വാക്സിനേഷൻ നടത്തുകയുമായിരുന്നു.
കുറുന്പലങ്ങോട്, ചുങ്കത്തറ എന്നിവിടങ്ങളിൽ നിന്നു കൂടുതൽ വാക്സിൻ ശേഖരിച്ച നൂറ്റിയൻപത് പേരെ ഇന്നലെ പോത്തുകല്ലിൽ വാക്സിനേഷനു വിധേയരാക്കി.
ആരും അധികാരപ്പെടുത്താതെ സ്ത്രീ സ്വയം ചെയ്ത പ്രവൃത്തിയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇവരെ പിന്നീട് താക്കീത് ചെയ്ത് വിട്ടു.