ആളുകളെ കൊന്നൊടുക്കുകയും ഒരു പ്രദേശമാകമാനം നശിപ്പിക്കുകയും ചെയ്യുന്ന ഭൗമ പ്രതിഭാസമാണ് അഗ്നിപർവത സ്ഫോടനവും തുടർന്നുള്ള ലാവാ പ്രവാഹവും. അഗ്നിപർവതങ്ങളെ വിളിക്കുന്ന ഇംഗ്ലീഷ് വാക്കായ വോൾക്കാനോ എന്ന പേരുതന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്.
ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾക്കന്റെ പേരിൽ അറിയപ്പെടുന്ന ഒരു ദ്വീപുണ്ട് ഇറ്റലിയിലെ സിസിലിക്ക് അടുത്ത്. വോൾക്കാനിക് ദ്വീപ്. അവിടെനിന്നാണ് അഗ്നിപർവതങ്ങൾക്ക് വോൾക്കാനോ എന്ന വിളിപ്പേരു വന്നത്.
വോൾക്കാനോയിൽ അഗ്നിയുള്ളതിനാൽ നാം കാണാൻപോകുന്ന പ്രതിഭാസത്തിന് ആ പേരു ചേരില്ല. കാരണം ഇതു മഞ്ഞുപുതഞ്ഞ ഒന്നാണ്.
എന്നാൽ അഗ്നിപർവത സ്ഫോടനത്തിനു സമാനമായി ഈ പർവതത്തിന്റെ മുകൾവശത്തെ ദ്വാരത്തിൽനിന്ന് പുകപോലെ നീരാവി പുറംതള്ളുന്നു.
ഒരാഴ്ചയോളമായി കസാഖിസ്ഥാനിലെ അൽമാട്ടി എന്ന സ്ഥലത്തു പ്രത്യക്ഷപ്പെട്ട ഹിമപർവതത്തെ അതുകൊണ്ടുതന്നെ ഐസ് വോൾക്കാനോ എന്നു വിളിക്കുകയാണ് ലോകം.
45 അടി പൊക്കത്തിൽ മഞ്ഞുമല
മഞ്ഞുപുതച്ചു വിശാലമായി കിടക്കുന്ന പ്രദേശമാണ് അൽമാട്ടി. പൊതുവേ സഞ്ചാരികൾക്ക് കാഴ്ചയ്ക്ക് വലിയ സംഭവങ്ങളൊന്നുമില്ല.
എന്നാൽ ഇപ്പോൾ അവിടേക്ക് ആയിരങ്ങളാണ് എത്തുന്നത്. സാമാന്യം കഠിനമായ കാലാവസ്ഥ അവരെ പിന്തിരിപ്പിക്കാത്തതിനു പിന്നിൽ 45 അടി ഉയരമുള്ള ഒരു ഹിമപർവതമാണ്.
നാം സാധാരണ കാണുന്ന മണ്പുറ്റിന്റെ രൂപത്തിൽ പൊടുന്നനെ ഉയർന്നുവന്ന പ്രതിഭാസം. കാഴ്ചയിൽ മഞ്ഞിന്റെ ഒരു കുന്നാണെങ്കിലും പ്രവൃത്തി ഒരു അഗ്നിപർവതത്തിനു സമമാണ്.
മുകളിലെ ദ്വാരത്തിൽനിന്ന് പുകപോലെ നീരാവിയും ഐസ് കട്ടകളും പുറത്തേക്കു വരുന്നു! എന്നാൽ ഈ പാവത്തിന് സാക്ഷാൽ അഗ്നിപർവതവുമായി ഒരു ബന്ധവുമില്ല.
ഒരു ചൂടു നീരുറവയിൽനിന്നാണ് ഈ ഐസ് വോൾക്കാനോ രൂപമെടുത്തിരിക്കുന്നത്. അൽമാട്ടിയിൽ ഇപ്പോൾ താപനില പൂജ്യം ഡിഗ്രിയാണ്.
അതുകൊണ്ടുതന്നെ ഉഷ്ണജല പ്രവാഹം ഉപരിതലത്തിൽ എത്തുന്നതോടെ കട്ടപിടിക്കും. ഐസ് അഗ്നിപർവതത്തിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും പുറത്ത് ഐസ് പാളി കട്ടിപിടിച്ചു നിൽക്കുന്നു. സഞ്ചാരികളുടെ പ്രവാഹമായതോടെ സോഷ്യൽ മീഡിയയിൽ തലയുയർത്തി നിൽക്കുകയാണ് ഈ കുളിരൻ അഗ്നിപർവതം.
രാജ്യത്തിന്റെ തലസ്ഥാനമായ നൂർ സുൽത്താനിൽനിന്ന് നാലു മണിക്കൂർ യാത്രയുണ്ട് ഈ പ്രദേശത്തേക്ക്. കേഗൻ, ഷ്രാഗ്നാക് എന്നീ നാട്ടിൻപുറങ്ങളുടെ ഇടയ്ക്കാണ് ഈ സ്ഥലം. കഴിഞ്ഞവർഷവും ഇവിടെ ഇത്തരത്തിൽ ചെറിയൊരു മഞ്ഞുപർവതം രൂപപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം മിഷിഗണ് തടാകത്തിനു സമീപത്തും ഇത്തരമൊന്ന് കണ്ടതായി റിപ്പോർട്ടുകളുണ്ട്.
കാര്യം കുളിരുപർവതമാണെങ്കിലും അൽമാട്ടിയിലെത്തുന്ന സഞ്ചാരികൾ അനാസ്ഥ കാട്ടിയാൽ അപകടത്തിൽപ്പെടുമെന്ന സ്ഥിതിയാണ്.
പലരും ഹിമപർവതത്തിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നത് വീഡിയോകളിൽ കാണാം. ഇത്തരം ഘടനകൾ രൂപപ്പെടാനും അലിഞ്ഞില്ലാതാകാനും വളരെക്കുറച്ചു സമയമേ വേണ്ടൂ.
ഇതിന്റെ ഗർത്തങ്ങളിലോ അടിയിലെ തടാകത്തിലോ പെട്ടുപോയാൽ രക്ഷിച്ചെടുക്കാൻ പാടാണെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.
അഗ്നി പർവതവും ഹിമ പർവതവും?
ഭൂമിയുടെ അന്തർഭാഗത്തെ കൊടും ചൂടു കാരണം പാറകൾ ഉരുകുമെന്നും ഇങ്ങനെയുണ്ടാകുന്ന മാഗ്മ ഭൗമോപരിതലത്തിന്റെ ദുർബലമായ ഇടങ്ങളിലൂടെ ശക്തമായി പുറത്തേക്ക് തള്ളി അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാകുന്നുവെന്ന് നമുക്കറിയാം.
എഡി 79-ാം ശതകത്തിൽ പൊട്ടിത്തെറിച്ച് ഏതാനും നഗരങ്ങളെ ആകമാനം തകർത്തുകളഞ്ഞ വെസൂവിയൻ സ്ഫോടനത്തെ കുറിച്ചുള്ള വിവരണം റോമൻ ചരിത്ര രേഖകളിലുണ്ട്. ആധുനിക കാലത്തേക്കു വന്നാൽ കോംഗോയിലെ നൈരാഗോംഗോ അഗ്നിപർവതം കുപ്രസിദ്ധമാണ്.
ലോകത്തിലെ ഏറ്റവും വലുതും സജീവവുമായ ഈ അഗ്നിപർവതം സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തുടരുന്നു. ചുട്ടുപൊള്ളുന്ന ലാവ നിറഞ്ഞുകിടക്കുന്ന ഇടം സംരക്ഷിതപ്രദേശമാണ്.
ഹിമപർവതത്തിലേക്കു മടങ്ങിവരാം. കസാഖിസ്ഥാനിലെ കാലാവസ്ഥ വൈവിധ്യമുള്ളതാണ്. പ്രസന്നമായ വേനലുണ്ടെങ്കിലും മഞ്ഞുകാലമായാൽ അതിശൈത്യമാണ്.
സൈബീരിയൻ മേഖലയിൽനിന്ന് സദാ മഞ്ഞുകാറ്റുവീശും. അൽമാട്ടി അങ്ങനെ മഞ്ഞുറഞ്ഞു കിടക്കാറുള്ള പ്രദേശമാണ്.
മുന്പു കണ്ടതുപോലെ ഇവിടെ ചിലയിടങ്ങളിൽ ഉഷ്ണജലമുള്ള നദികൾ ഒഴുകുന്നുണ്ട്. ഇങ്ങനെ ഒഴുകുന്ന ചൂടുനീരുറവ മഞ്ഞുപാളിയിലിലുണ്ടായ വിടവിലൂടെ ചീറ്റിത്തെറിച്ച് പുറത്തേക്കു വന്നിരിക്കാം.
ഉപരിതലത്തിലെ കടുത്ത തണുപ്പിൽ പൊടുന്നനെ കട്ടപിടിച്ച് മുകളിലേക്കുയർന്ന് അഗ്നിപർവത്തിന്റെ രൂപമെടുത്തിരിക്കാമെന്നും ഗവേഷകർ കരുതുന്നു.
45 അടിയോളം പൊക്കം വന്നതും, മുകളിലെ ദ്വാരത്തിലൂടെ പുകയായി നീരാവി പ്രവഹിക്കുന്നതും ഇതാദ്യമാണ്, അതുതന്നെയാണ് ഇതുണ്ടാക്കിയ വിസ്മയവും.
ചൊവ്വാ ഗ്രഹത്തിലും, ശനി, വ്യാഴം എന്നിവയുടെ ഉപഗ്രഹങ്ങളിലും ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടത്രേ.
തയാറാക്കിയത്: ഹരിപ്രസാദ്