ബംഗളൂരു: 11 ലക്ഷം വില വരുന്ന ഫോക്സ് വാഗൺ പോളോ കാർ നന്നാക്കാൻ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ. ബംഗളൂരുവാണു സംഭവം.
കാര്‍ ഉടമ അനിരുദ്ധ് ഗണേഷ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായി.
സംഭവത്തിൽ സർവീസ് സെന്ററിനെതിരേ അനിരുദ്ധ് പരാതിയുമായി എത്തിയതോടെ സർവീസ് സെന്ററും വെട്ടിലായി.
കര്‍ണാടകയിലെ ബംഗളൂരുവിലുണ്ടായ പ്രളയത്തിൽ അനിരുദ്ധ് ഗണേഷിന്റെ ഫോക്സ്വാഗണ് പോളോ ടിഎസ്ഐ മുങ്ങി.
പൂർണമായും വെള്ളത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന കാറിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
തുടർന്ന്, അനിരുദ്ധ് കാർ വൈറ്റ്ഫീല്‍ഡിലെ ഫോക്സ്വാഗണ് സര്‍വീസ് സെന്ററിൽ എത്തിച്ചു. കാർ സർവീസ് സെന്ററിലെത്തിക്കാൻ സഹായത്തിനായി ആരെയും അയച്ചില്ല.
കാർ സർവീസ് സെന്ററിലെത്തിച്ച് ഇരുപതു ദിവസങ്ങൾക്കു ശേഷം അനിരുദ്ധിന് ഫോക്സ് വാഗണിൽ നിന്ന് കോൾ വന്നു. 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുകയെന്ന് സർവീസ് സെന്ററിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് അറിയിച്ചു.
ഞെട്ടിപ്പോയ അനിരുദ്ധ് കാർ ഇപ്പോൾ നന്നാക്കേണ്ടെന്ന് അറിയിച്ചു. ശേഷം ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടു. വാഹനം മൊത്തം നഷ്ടമായി എഴുതിത്തള്ളുമെന്നും സര്‍വീസ് സെന്ററിൽ നിന്ന് കാർ വാങ്ങുമെന്നും ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു.
വാഹനത്തിന്റെ രേഖകള്‍ ശേഖരിക്കാന്‍ ഷോറൂമിലെത്തിയ അനിരുദ്ധിന് 44,840 രൂപയുടെ ബിൽ നൽകി. സർവീസ് സെന്റർ ബിൽ കണ്ടു ഞെട്ടിയ അനിരുദ്ധ് ഫോക്സ്വാഗൺ കന്പനിയുമായി ബന്ധപ്പെട്ടു.
അവിടെയും നടപടികൾ ഇഴഞ്ഞു. ദിവസങ്ങൾക്കു ശേഷം എസ്റ്റിമേറ്റുകൾക്ക് ഇത്രയും തുക ഈടാക്കില്ലെന്ന് കന്പനി അറിയിച്ചു. പരമാവധി 5000 രൂപ വരെയാണ് എസ്റ്റിമേറ്റ് തുക ഈടാക്കാനാകുക.
ഫോക്സ് വാഗൺ കാറുകളെക്കുറിച്ച് ഉപയോക്താക്കൾക്കിടയിൽ നല്ല അഭിപ്രായമാണ്. സുഖകരമായ യാത്ര. കാഴ്ചയ്ക്കു മനോഹരം. എന്നാൽ, സർവീസ് കഴിഞ്ഞു കിട്ടുന്ന ബിൽ കടുപ്പമാണെന്ന് ഉപയോക്താക്കൾ പറയുന്നു.
സർവീസിനു ഭീമമായ ചാർജ് ഈടാക്കുന്നത് കാറിന്റെ വിൽപ്പനയെത്തന്നെ ബാധിച്ചിട്ടുണ്ട്. യൂസ്ഡ് കാർ വിപണിയിൽ ഡിമാന്റില്ലാത്ത ബ്രാൻഡുകളിലൊന്നാണ് ഫോക്സ് വാഗൺ.