പാലാ: വലവൂരിലെ വോളിബോൾ കോർട്ടിൽ ഏറ്റുമുട്ടി മന്ത്രി റോഷി അഗസ്റ്റിനും മാണി സി. കാപ്പൻ എംഎൽഎയും.
ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എംഎൽഎ അധ്യക്ഷനുമായിരുന്നു.
തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടർന്നു ഇരുവരും കോർട്ടിലിറങ്ങിയപ്പോൾ കാണികൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി. കാപ്പൻ കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു.
റോഷി നൽകിയ പാസ് എടുത്ത മാണി സി. കാപ്പൻ അതു തിരിച്ചും നൽകി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓർമകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽനിന്നും തിരികെ കയറിയത്.
ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രഫ. വി.കെ. സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പി.സി. രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, സോമശേഖരൻ നായർ, അഗസ്റ്റിൻ അലക്സ് എന്നിവർ പ്രസംഗിച്ചു.