വടകര: ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ കടത്തനാട്ടുകാരിയും. വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന വടകരക്കടുത്ത് മേമുണ്ടയിലെ എം.ശ്രുതിയാണ് നാടിന്നഭിമാനമായി ടീമിൽ ഇടംപിടിച്ചത്. മുൻ രാജ്യാന്തരതാരമായ ശ്രുതി മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ ഒന്നരമാസമായി നടന്നുവന്ന കോച്ചിംഗ് ക്യാന്പിൽ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവു പുലർത്തുന്ന ശ്രുതി നല്ല ഓൾറൗണ്ടർ കൂടിയാണ്. എതിരാളികളെ പലപ്പോഴും പേടിപ്പെടുത്തുന്നതാണ് ശ്രുതിയുടെ ജന്പ് സർവ്. ദേശീയ ജൂനിയർ, യൂത്ത്, സീനിയർ ചാന്പ്യൻഷിപ്പുകളിൽ കേരളത്തിനു വേണ്ടി നിരവധി തവണ കളിച്ച ശ്രുതി വടകരയിലെ വോളിബോൾ സംഘാടകൻ രാഘവൻ മാണിക്കോത്തിന്റെയും ഭാര്യ സെന്റ് ആന്റണീസ് ഗേൾസ്ഹൈസ്കൂൾ മുൻ കായികാധ്യാപിക മേരിക്കുട്ടിയുടെയും കണ്ടെത്തലിലാണ് വോളിബോളിലെത്തുന്നത്.
സെന്റ് ആന്റണീസിലും പിന്നീട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലും പഠിക്കുന്പോൾ വോളിബോളിൽ അപാരമികവ് പുറത്തെടുക്കുകയായിരുന്നു. അഖിലേന്ത്യാ സർവകലാശാല വോളിബോൾ ചാന്പ്യൻഷിപ്പിൽ കലിക്കറ്റ് യൂനിവേഴ്സിറ്റി കിരീടം ചൂടിയപ്പോൾ ടീമിന്റെ നെടുംതൂണായി ശ്രുതി മാറി.
ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കഐസ്ഇബിയിൽ സ്പോർട്സ് അസിസ്റ്റന്റായി ജോലി ലഭിക്കുകയും ചെയ്തു. മേമുണ്ടയിലെ ചെമ്മാടത്തിൽ മുരളീധരന്റെയും (ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട്) പ്രേമയുടെയും മകളായ ശ്രുതി.