തൊടുപുഴ: കാണികളുടെ സിരകളെ ത്രസിപ്പിക്കുന്ന സ്മാഷുമായി കളിക്കളം അടക്കിവാണ മുൻ ഇന്ത്യൻ വോളി താരവും കേരള ടീം മുൻ ക്യാപ്റ്റനുമായിരുന്ന നെയ്യശേരി ജോസ് (സി.കെ.ഔസേപ്പ്-78) ഓർമയായി. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽനിന്നു നെയ്യശേരിയിലേക്ക് പോകുന്നതിനിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുത്തും പ്രതിഭയും സമന്വയിച്ച പവർഗെയിമിന്റെ ഉടമയായിരുന്നു ജോസ്. എതിർ ടീമിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് അതിസമർത്ഥമായി പന്ത് ഫിനിഷ് ചെയ്യുന്നതിനു ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ഉന്നം പിഴയ്ക്കാത്ത സ്മാഷായിരുന്നു ഇദ്ദേഹത്തിന്റേത്.
റെയിൽവേയിൽ നിന്നു ഫാക്ട് ടീമിലെത്തിയ ഇദ്ദേഹം സിംഗപ്പൂരിലും ശ്രീലങ്കയിലും നടന്ന അന്താരാഷ്ട്ര മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണഞ്ഞു. കളിക്കളത്തിൽ നിന്നു വിരമിച്ച ശേഷം ഫാക്ട് സ്കൂളിന്റെയും എറണാകുളം ജില്ലാ ടീമിന്റെയും പരിശീലകനായും മികവ് തെളിയിച്ചു. ഇന്ത്യൻതാരം ജിമ്മി ജോർജിനെ അനുസ്മരിപ്പിക്കുന്ന ചാട്ടവും ഇടിമിന്നൽ സ്മാഷുമായിരുന്നു ജോസിന്റെ പ്രത്യേകത. സ്കൂൾ പഠനകാലയളവിൽ തന്നെ കായികരംഗത്ത് മികവ് തെളിയിച്ചു.
സ്കൂൾ സംസ്ഥാന മീറ്റിൽ പോൾവാൾട്ടിൽ ഇദ്ദേഹം രേഖപ്പെടുത്തിയ റിക്കാർഡ് മറികടക്കാൻ രണ്ടുപതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ലോംഗ്ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് എന്നിവയിലും കേരളത്തെ പ്രതിനിധീകരിച്ചു.പിന്നീടാണ് വോളിബോളിൽ അരകൈ പയറ്റാൻ ഇറങ്ങിയത്. വോളിബോളിന്റെ ആദ്യപാഠം പഠിച്ചത് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗ്രൗണ്ടിൽനിന്നായിരുന്നു.
1960-70 കാലഘട്ടങ്ങളിൽ കേരളത്തിന്റെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ച ജനകീയ വോളിതാരമായി ജോസ് മാറി.റെയിൽവേയിൽ പാലക്കാട് ഒലവക്കോട്ടാണ് ആദ്യം ജോലിചെയ്തത്. അവിടെ നിന്നാണ് എഫ്എസിടിയിൽ എത്തുന്നത്. സ്വന്തം ടീമിന് പ്രതിരോധം തീർത്ത് എതിർകോർട്ടിൽ വിസ്മയം ജനിപ്പിക്കുന്ന സ്മാഷുകൾ തീർക്കുന്പോൾ ഗാലറികൾ ഇരന്പിയാർത്തിരുന്നു. കളിയോടുള്ള അഭിനിവേശം മൂലം വിവാഹംപോലും വേണ്ടെന്നു വച്ച് തറവാട്ട് വീട്ടിലായിരുന്നു താമസം.
കളിക്കളത്തിൽ മൂർച്ചയേറിയ ആക്രമണശൈലി പുറത്തെടുക്കുന്ന ജോസ് നാട്ടിലും വീട്ടിലും ശാന്തസ്വഭാവക്കാരനായിരുന്നു. കായികപ്രേമികൾക്ക് ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ചാണ് ഇദ്ദേഹം നിത്യതയിലേക്ക് യാത്രയായത്. സംസ്കാരം ഇന്ന് 10.30നു നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. സഹോദരങ്ങൾ: ജോർജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്റ്റർ മേരി, ഏലിക്കുട്ടി.