മഞ്ചേരി: ലോക റേഡിയോ ദിനത്തിൽ അപൂർവ ശേഖരവുമായി അധ്യാപകൻ ശ്രദ്ധനേടുന്നു. തൃപ്പനച്ചി എയുപി സ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകനായ എം.സി അബ്ദുൾ അലിയുടെ കൈവശമാണ് അപൂർവങ്ങളായ നൂറ്റിപ്പത്തോളം റേഡിയോകളുള്ളത്.
ഇതിൽ 35 വർഷം പഴക്കമുള്ള പോക്കറ്റ് റേഡിയോ മുതൽ 1910 ൽ നിർമിതമായ വോൾവോ റേഡിയോ വരെയുണ്ട്. 1890ന് ശേഷമാണ് റേഡിയോ കണ്ടുപിടിച്ചതെന്നോർക്കണം.
1984 വരെ റേഡിയോ ഉപയോഗിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് ആവശ്യമായിരുന്നു. പ്രതി വർഷം പതിനഞ്ചു രൂപ വരെ ലൈസൻസ് ഫീ ആയും ഈടാക്കിയിരുന്നു.
തപാലാപ്പീസുകളിലാണ് ലൈസൻസ് ഫീ സ്വീകരിച്ചിരുന്നത്. ലൈസൻസിനകത്ത് സ്റ്റാന്പ് പതിച്ച് അതിൻമേൽ ഓൾ ഇന്ത്യ റേഡിയോയുടെ സീൽ ചെയ്ത് നൽകാറായിരുന്നു പതിവ്.
ലൈസൻസില്ലാതെ റേഡിയോ ഉപയോഗിക്കുന്നത് കണ്ടെത്താനും ഇത്തരം റേഡിയോകൾ പിടിച്ചെടുത്ത് പിഴ ഈടാക്കാനുമായി വാർത്താവിതരണ വകുപ്പ് പ്രത്യേക സ്ക്വാഡുകളും രൂപവത്ക്കരിച്ചിരുന്നു.
റേഡിയോ ഉടമകൾ നേടിയെടുത്തിരുന്ന ഇത്തരത്തിലുള്ള ഒന്പത് ലൈസൻസുകളും അബ്ദുൾഅലിയുടെ ശേഖരത്തിലുണ്ട്. ഇന്ദിരാഗാന്ധി വധത്തിനു ശേഷം അധികാരത്തിലെത്തിയ രാജീവ് ഗാന്ധി മന്ത്രിസഭയിലെ വാർത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന വി.എൻ ഗാഡ്ഗിൽ അധികാരത്തിലേറി ആദ്യം ചെയ്തത് ഇത്തരത്തിലുള്ള ലൈസൻസുകൾ ഒഴിവാക്കുകയായിരുന്നു.
മർഫി, ഫിലിപ്സ്, സെനിത്ത്, നാഷണൽ, പാനസോണിക് തുടങ്ങിയ കന്പനികളായിരുന്നു ആദ്യകാലത്ത് റേഡിയോ വിപണിയിലിറക്കിയിരുന്നത്.