ഹരിപ്പാട്: കുട്ടികൾക്കും അധ്യാപകർക്കും വയറുവേദനയും വയറിളക്കവും ഛർദിയുമുണ്ടായ സാഹചര്യത്തിൽ ചിങ്ങോലി ചൂരവിള ഗവ. എൽപി സ്കൂളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ജമുനാ വർഗീസ് നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ സ്കൂളിൽ പരിശോധന നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ, ജില്ലാ സർവലൈൻസ് ഓഫീസർ ഡോ. ജീന റാഫേൽ, ജില്ലാ ലാബോറട്ടറി ടെക്നീഷ്യൻ ജയ എന്നിവരും പഞ്ചായത്തംഗങ്ങളും മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും പരിശോധനയിൽ പങ്കെടുത്തു. പ്രാഥികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടത്തി.
രോഗ ബാധിതരായ കുട്ടികളുടെയും അധ്യാപകരുടെയും സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് പരിശോധനയ്ക്കായും അയച്ചു. 48 കുട്ടികൾക്കും ഏഴ് അധ്യാപകർക്കും ഒരു പാചകത്തൊഴിലാളിക്കുമാണ് അസുഖം ബാധിച്ചത്.
വ്യാഴാഴ്ച മുതലാണ് രോഗം പിടിപെട്ടത്. ഇവരെല്ലാവരും ആശുപത്രികളിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. പകർച്ച വ്യാധിയോ അല്ലെങ്കിൽ വെള്ളത്തിൽനിന്ന് രോഗം പിടിപെട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഭക്ഷ്യവിഷബാധ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരിശോധന ഫലം കിട്ടിയാലേ കാരണം വ്യക്തമാകൂ. പ്രദേശത്തെ മറ്റുചിലരും ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.