ലണ്ടൻ: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻവോൺ വീണ്ടും വിവാദത്തിൽ. വോൺ തന്നെ ആക്രമിച്ചതായി ആരോപിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ നിശാക്ലബിലായിരുന്നു സംഭവം. പ്രമുഖ മോഡലും നടിയുമായ വലേരി ഫോക്സാണ് വോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
വലേരി പോലീസിൽ പരാതി നൽകുകയും തന്റെ മുഖത്തേറ്റ പരിക്കിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വോൺ വലേരിയെ മർദിച്ചെന്നുമാണ് പരാതി. അടിയേറ്റ നടി മുഖമിടിച്ചു താഴെ വീണതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് നിശാക്ലബ്ബിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
കരിയറിൽ 1000 വിക്കറ്റുകൾ നേടിയിട്ടുള്ള വോൺ ബ്രിട്ടീഷുകാരിയായ നഴ്സിന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ 2000ൽ ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനം നഷ്ടമായിരുന്നു.