ഹൈദരാബാദ്: മന്നൻ വോറയുടെ ഒറ്റയാൾ പോരാട്ടം ഫലംകണ്ടില്ല. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. 95 റണ്‍സുമായി വോറ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയതോടെ പഞ്ചാബ് തോറ്റത് അഞ്ചുറണ്‍സിന്. 159 ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 154 റണ്‍സിൽ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ പ്രകടനമാണ് പഞ്ചാബിനെ തകർത്തത്.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 159/6(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 154(19.4).
ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സിന് സ്കോർ 25ൽ ഓപ്പണർ ധവാനെ നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുന്പോഴും നായകൻ ഡേവിഡ് വാർണർ ഒരറ്റത്തു പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ നമൻ ഓജയ്ക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ വാർണർക്കായി. നിശ്ചിത ഓവറിൽ സണ്‍റൈസേഴ്സ് സ്കോർ 159ൽ ഒതുങ്ങിയപ്പോൾ 70 റണ്‍സുമായി വാർണർ പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ് ഒരുഘട്ടത്തിൽ 82/6 എന്ന നിലയിൽ തകർച്ചയെ നേരിട്ടു. അപ്പോഴും ഒരറ്റത്തു തകർത്തടിച്ച മന്നൻ വോറ പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ മികച്ച പന്തുകൾക്കു മുന്നിൽ കീഴടങ്ങേണ്ടിവന്നു. പുറത്താകുന്നതിനു മുന്‍പ് 50 പന്തിൽനിന്ന് 95 റണ്‍സ് അടിച്ചുകൂട്ടാൻ വോറയ്ക്കായി. 13 റണ്‍സ് നേടിയ മോർഗനാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്കോറർ.
നാലോവറിൽ 19 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനു രണ്ടു വിക്കറ്റുമായി റാഷിദ് ഖാനും ഓരോവിക്കറ്റുമായി കൗൾ, നബി, ഹെന്റിക്വസ് എന്നിവരും പിന്തുണ നൽകി.