കോപ്പൻഹേഗൻ: ഡെൻമാർക്കിന്റെ ടെന്നീസ് സൗന്ദര്യം കോർട്ടിനോട് വിടപറയുന്നു. മുൻ ലോക ഒന്നാം നമ്പർ കരോളിനെ വോസ്നിയാക്കി ജനുവരിയോടെ ടെന്നീസിൽനിന്നും വിരമിക്കും. വോസ്നിയാക്കി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജനുവരിയിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിനു ശേഷം വിരമിക്കുകയാണെന്ന് ഡാനീഷ് താരം അറിയിച്ചു. ഇരുപത്തിയൊൻപതുകാരിയായ വോസ്നിയാക്കി ലോകറാങ്കിംഗിൽ നിലവിൽ 37 ാം സ്ഥാനത്താണ്. ഒക്ടോബറിൽ നടന്ന ചൈന ഓപ്പണിലാണ് അവസാനമായി വോസ്നിയാക്കി കളിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് വോസ്നിയാക്കി തന്റെ വിമരമിക്കൽ തീരുമാനം അറിയിച്ചത്. വിരമിക്കലിന് തന്റെ ആരോഗ്യവുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. ടെന്നീസിൽനിന്ന് അകന്ന് ഭർത്താവ് ഡേവിഡ് ലീയുമായി ചേർന്ന് ജീവിതം ആരംഭിക്കണം. താൻ എപ്പോഴും തന്നോടു തന്നെ പറയാറുണ്ട്, ടെന്നീസിനു പുറത്ത് തനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. അത് ചെയ്യേണ്ട സമയമാണിത്- വോസ്നിയാക്കി ഇൻസ്റ്റയിൽ കുറിച്ചു. 2018 ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാണ് വോസ്നിയാക്കി.